ഹൈവേയിൽ ചതിക്കുഴി: അപകടങ്ങൾ നിത്യസംഭവം
കാളികാവ്: മലയോര ഹൈവേയിൽ കാളികാവ് ചെങ്കോട് പാലത്തിനടുത്ത് അപകടങ്ങൾ പതിവാകുന്നു.
പൊളിക്കാൻ കാത്ത് കിടക്കുന്ന ചെങ്കോട് പാലത്തിന്റെ ഇരുഭാഗത്തും റോഡിലെ കുഴികളാണ് അപകടം വരുത്തുന്നത്. രാത്രിയിൽ ബൈക്കുകൾ കുഴിയിൽ ചാടി ബൈക്കുകൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
പാലം പൊളിക്കുന്നതിന്റെ ഭാഗമായി പാലത്തിന്റെ രണ്ടുഭാഗങ്ങളിലും അമ്പത് മീറ്ററോളം നീളത്തിൽ റോഡ് നിർമ്മിച്ചിട്ടില്ല.ഇവിടെയാണ് കുണ്ടും കുഴികളുമുണ്ടായിട്ടുള്ളത്. പാലത്തിന്റെ ഇരുഭാഗത്തും ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വീതി കൂടിയ ഹൈടെക് റോഡിലൂടെ വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപ്രോച്ച് റോഡിലെത്തുമ്പോൾ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത്.
പാത പരിചയമില്ലാത്ത ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തിൽ പെടുന്നത്.വൈകുന്നേരമായാൽ ഈ പരിസരത്ത് ആളുകളാരുമുണ്ടാകില്ല .അപകടത്തിൽ പെടുന്നവർ കൂടുതൽ സമയം റോഡിൽ കിടക്കേണ്ട അവസ്ഥയാണുള്ളത്.പാലം പണി വൈകിയാലും റോഡിലെ കുഴികൾ അടച്ച് സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ഇതു വഴിയുള്ള യാത്രക്കാർ രണ്ടു വർഷത്തോളമായി ദുരിതമനുഭവിക്കുകയാണ്.