മിക്ക ദിവസങ്ങളിലും ഇതാണ് നടക്കുന്നത്, മത്സ്യത്തൊഴിലാളികളെ കാത്ത് കടലിനടിയിലെ പുതിയ 'വില്ലൻ'
കരുനാഗപ്പള്ളി: കപ്പൽ അപകടത്തെ തുടർന്ന് കടലിൽ പതിച്ച കണ്ടെയ്‌നറുകളിൽ കുടുങ്ങി മത്സ്യബന്ധന വലകൾ നശിക്കുന്നത് ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗവും മുടക്കുന്നു.
എം എസ് സി എൽസ 3 എന്ന കപ്പലാണ് കഴിഞ്ഞ മേയ് 25 ന് അറബിക്കടലിൽ മുങ്ങിയത്. കടലിൽ പതിച്ച കണ്ടെയനറുകൾ ഇപ്പോഴും അടിത്തട്ടിൽ കിടക്കുകയാണ്. ഇത് നീക്കം ചെയ്യാനുള്ള ശ്രമങ്ങളൊന്നും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യബന്ധനം സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കണ്ടെയ്നറുകളിൽ കുരുങ്ങി നിരവധി വള്ളങ്ങളുടെ വലയും അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഇതുവരെ സർക്കാരിൽ നിന്ന് ഒരു രൂപ പോലും നഷ്ടപരിഹാര തുകയായി ലഭിച്ചിട്ടില്ല. കൊച്ചി ഫോർട്ട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ ഉള്ളത്. പുതുതായി ഒരു വല നെയ്തെടുക്കണമെങ്കിൽ 20 ലക്ഷം രൂപ വേണ്ടി വരും. ഒരു വള്ളത്തിൽ 45 തൊഴിലാളികൾ വരെ പണിയെടുക്കുന്നുണ്ട്.
15 നോട്ടിക്കൽ മൈൽ വരെ (27.78 കിലോമീറ്റർ) പോയാണ് മത്സ്യബന്ധനം നടത്തുന്നത്. നഷ്ടപ്പെട്ട വല തുന്നിച്ചേർക്കണമെങ്കിലും ലക്ഷങ്ങൾ വേണ്ടി വരും. ഒരാഴ്ചയെങ്കിലും വേണം വലയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ. ഇത്രയും ദിവസം ഈ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകും.
തുടർക്കഥയായി നാശനഷ്ടങ്ങൾ
കഴിഞ്ഞ ദിവസം ആലപ്പാട്- അഴീക്കൽ മത്സ്യബന്ധന തുറമുഖത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ അനശ്വരം വള്ളത്തിലെ വലയും അനുബന്ധ സാമഗ്രികളും കണ്ടെയ്നറിൽ തട്ടിയതിനാൽ 8 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറയുന്നു. മിക്ക ദിവസങ്ങളിലും ഇതാണ് നടക്കുന്നത്. കടലിൽ പതിച്ച കണ്ടയ്നറുകൾ നീക്കം ചെയ്യുക മാത്രമാണ് ശാശ്വത പരിഹാരം.