പി.ഇ.ബി. മേനോൻ അന്തരിച്ചു

Friday 10 October 2025 3:53 AM IST

കൊച്ചി: ആർ.എസ്.എസ് കേരള മുൻ പ്രാന്തസംഘചാലക് പി.ഇ.ബി.മേനോൻ (86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം. ആലുവ ബാങ്ക് ജംഗ്ഷന് സമീപത്തെ പറയത്ത് വസതിയിലെത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ 10 മുതൽ ഒന്നുവരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനത്തിനുവയ്ക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്‌ക്ക് മൂന്നിന് ആലുവ വെളിയത്തുനാട്ടിലെ തന്ത്രവിദ്യാപീഠത്തിൽ സംസ്‌കരിക്കും.

ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിഷ്ണുപ്രസാദ് (ബാലൻ ആൻഡ് കമ്പനി, ആലുവ), വിഷ്ണുപ്രിയ (അദ്ധ്യാപിക, ഭവൻസ് സ്കൂൾ, എരൂർ). മരുമക്കൾ: അനുപമ (ബാലൻ ആൻഡ് കമ്പനി), രാജേഷ് (സോഫ്‌റ്റ്‌വെയർ എൻജിനിയർ).

പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനമായ ബാലൻ ആൻഡ് കമ്പനി മേധാവിയായിരുന്ന പി.ഇ.ബി. മേനോൻ, പി.മാധവ്ജിയുമായുള്ള സമ്പർക്കത്തിലൂടെയാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിലേക്ക് എത്തുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ സജീവമായി. 2003ൽ പ്രാന്ത സംഘചാലകായി. രണ്ട് പതിറ്റാണ്ടോളം ചുമതലയിൽ തുടർന്നു. ആർ.എസ്.എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം,​ 1999ൽ സഹപ്രാന്തസംഘചാലകുമായി. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിംഗ് ഡയറക്ടർ പദവികളും വഹിച്ചു. മാതൃച്ഛായ അടക്കമുള്ള നിരവധി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആലുവ ഗ്രാമസേവാസമിതിയുടെ പ്രേരണാസ്രോതസായിരുന്നു പി.ഇ.ബി.മേനോൻ. തന്ത്രവിദ്യാപീഠം, ബാലസംസ്‌കാരകേന്ദ്രം, ഡോ. ഹെഡ്‌ഗേവാർ സ്മാരക സേവാസമിതി, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, രാഷ്ട്രധർമ്മ പരിഷത്ത് തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. നടൻ മോഹൻലാൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.