വ്യോമക്കരുത്ത് കൂട്ടാൻ മാർട്ട്‌ലെറ്റ് മിസൈൽ

Friday 10 October 2025 3:56 AM IST

ന്യൂഡൽഹി: ഇന്ത്യൻ വ്യോമ സേനയ്‌ക്കായി ഭാരം കുറഞ്ഞ മാർട്ട്‌ലെറ്റ് മിസൈൽ വാങ്ങാനുള്ള 350 മില്യൺ പൗണ്ട് (4,135 കോടി രൂപ) പ്രതിരോധ കരാറിൽ ഇന്ത്യയും യു.കെയും ഒപ്പിട്ടു. മുംബയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാമറുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

മിസൈൽ ഇന്ത്യൻ വ്യോമ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുമെന്നും ആവശ്യങ്ങൾ നിറവേറ്റുമെന്നും ഇന്ത്യ-യു.കെ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. ദീർഘകാല പ്രതിരോധ സഹകരണത്തിന്റെ ഭാഗമാണിത്.

സംയുക്ത അഭ്യാസം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്കും ധാരണയായി. ഇന്തോ-പസഫിക് സമുദ്ര സുരക്ഷാ കൂട്ടായ്‌മയ്‌ക്ക് കീഴിൽ റീജിയണൽ മാരിടൈം സെക്യൂരിറ്റി സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കും.

പഹൽഗാം അക്രമത്തെ അപലപിച്ച യു.കെ പ്രധാനമന്ത്രി ഭീകരതയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ഏകോപിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി.

മാർട്ട്‌ലെറ്റ് കുഞ്ഞൻ പുലി

 നിർമ്മാണം: ബെൽഫാസ്റ്റ് ആസ്ഥാനമായുള്ള തേൽസ് എയർ ഡിഫൻസ്

 ഭാരം: 13 കിലോ, പ്രഹര ശേഷി: 6 കി.മീറ്റർ

 യുദ്ധ വിമാനങ്ങളിൽ ഘടിപ്പിച്ച് ആകാശത്തേക്കും കരയിലേക്കും

കരയിൽ നിന്ന് ആകാശത്തേക്കും പ്രയോഗിക്കാം

 ഡ്രോണുകളും കവചിത വാഹനങ്ങളും ആക്രമിച്ച് തകർക്കും

 റഷ്യയ്‌ക്കെതിരെ പ്രയോഗിക്കാൻ യുക്രെയിന് നൽകിയിട്ടുണ്ട്

 വിശ്രമമില്ലാതെ പറക്കുന്ന സാങ്കല്പിക പക്ഷിയാണ് മാർട്ട്‌ലെറ്റ്