'അന്ന പാത്രം എന്ന് ഞാൻ പറഞ്ഞത് ചില നപുംസകങ്ങൾക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല; ഇത് പ്രജാരാജ്യം'
പാലക്കാട്: വീണ്ടും വിവാദപരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'പാലക്കാടിനെ അന്ന പാത്രം എന്ന് ഞാൻ പറഞ്ഞത് ചില നപുംസകങ്ങൾക്ക് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല'- എന്നാണ് അദ്ദേഹം പറഞ്ഞത്. പാലക്കാട് പറളിഗ്രാമം ആൽത്തറയിൽ നടന്ന കലുങ്ക് സംഗമത്തിലാണ് മന്ത്രിയുടെ വിവാദ പരാമർശം.
'പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നംപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്നറിയില്ല. പാവപ്പെട്ടവന്റെ മുന്നിൽ കഞ്ഞി പാത്രം മാത്രമേയുള്ളു കേരളമേ... സമ്പന്ന വർഗം കൂടി മനസിലാക്കിക്കൊള്ളൂ.
ഇത് പ്രജാരാജ്യമാണ്. പ്രജകളാണ് ഇവിടത്തെ രാജക്കന്മാർ. കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. പ്രജകൾ വിരൽചൂണ്ടി സംസാരിക്കണം.'- മന്ത്രി പറഞ്ഞു. എന്നാൽ വ്യക്തിപരമായ ആവശ്യങ്ങൾ കലുങ്ക് സംവാദത്തിൽ പരിഗണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവിധ മേഖലകളുമായി ബന്ധപ്പെട്ട പരാതികളും ആവശ്യങ്ങളും സ്ഥലത്തെ എംഎൽഎമാർ, എംപിമാർ മുഖേനെ സംസ്ഥാന സർക്കാരിനാണ് ആദ്യം നൽകേണ്ടത്. തുടർന്ന് സംസ്ഥാനമാണ് കേന്ദ്രത്തിൽ അവതരിപ്പിക്കേണ്ടത്. കേന്ദ്രമന്ത്രിയെന്ന നിലയിൽ തന്റെ ഇടപെടലുകൾ അവിടെയുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കലുങ്ക് സൗഹൃദസംഗമത്തിന് പാലക്കാട് ജില്ലയിൽ ആവേശകരമായ വരവേൽപ്പാണ് ലഭിച്ചത്. നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ചെത്തല്ലൂരിൽ സാംസ്‌കാരിക കേന്ദ്രം, ടൂറിസം സർക്യൂട്ട് , ചെത്തല്ലൂർ പുഴയെ പുൽതുരുത്തുകൾ മൂടുന്നത്, ക്ഷേത്രകുളങ്ങളുടെ പുനരുദ്ധാരണപ്രവൃത്തികളുടെ ആവശ്യം, പൊതുമേഖലാബാങ്കുകളുടെ അഭാവം, തെരുവുനായ് ശല്യം, റോഡ് തകർച്ച തുടങ്ങിയ വിവിധങ്ങളായ പരാതികളാണ് നാട്ടുകാർ ഉന്നയിച്ചത്. ഇത്തരം വിഷയങ്ങളിലെല്ലാം അതത് എംഎൽഎമാർ, എംപിമാർ എന്നിവരോട് പരിഹാരസാദ്ധ്യത ആദ്യം തേടണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനം ഒരുകോടിരൂപ അനുവദിച്ചാൽ കേന്ദ്രം അതിനും മുകളിൽ അനുവദിക്കും. തെരുവുനായ ശല്യം പരിഹരിക്കാൻ പ്രാദേശികമായിതന്നെ ഷെൽട്ടർസംവിധാനമൊരുക്കാൻ സ്ഥലം കണ്ടെത്തി നൽകണം. രണ്ടുക്ഷേത്രങ്ങൾക്കിടയിലെ ഭൂമി കൈയേറി സ്വകാര്യ വ്യക്തി വഴിയുണ്ടാക്കിയെന്ന പരാതിയിൽ അതിൽ തീർപ്പുണ്ടാക്കാൻ പ്രവർത്തകർ മുന്നോട്ടിറങ്ങണം. ആവലാതികൾക്ക് പരിഹാരമായില്ലെങ്കിൽ അത് വരുന്ന തിരഞ്ഞെടുപ്പിലാണ് പ്രതിഫലിപ്പിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ കിറ്റുമായി വന്നാൽ മോന്തയ്ക്ക് വലിച്ചെറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.