ഓട്ടത്തിനിടെ മംഗള എക്‌സ്‌പ്രസിന്റെ എഞ്ചിൻ തകരാറിലായി, തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയോടുന്നു

Friday 10 October 2025 11:27 AM IST

ഷൊർണൂർ: യാത്രയ്‌ക്കിടെ ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്‌ഷൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന് എഞ്ചിൻ തകരാർ. പുലർച്ചെ ആറുമണിയോടെ മുള്ളൂർക്കരയിൽ വച്ചാണ് സംഭവം. ഇതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ മണിക്കൂറുകളോളം വൈകി ഓടുകയാണ്. ഷൊ‌ർണൂരിൽ നിന്നും എഞ്ചിൻ കൊണ്ടുവന്ന് ട്രെയിൻ തൊട്ടടുത്തുള്ള വള്ളത്തോൾ നഗർ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് മറ്റ് ട്രെയിനുകളെ കടത്തിവിട്ടത്.

സംഭവമുണ്ടായയുടൻ തിരുവനന്തപുരം ദിശയിലേക്കുള്ള ട്രെയിനുകൾ മൂന്ന് മണിക്കൂറോളമാണ് വൈകിയത്. തകരാർ പരിഹരിച്ച് ഓട്ടം ആരംഭിച്ച മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് നാല് മണിക്കൂറിലേറെ വൈകി 11 മണിയോടെ ആലുവ എത്തിച്ചേർന്നു.എട്ട് മണിയോടെ എറണാകുളത്ത് ഓട്ടം അവസാനിപ്പിക്കേണ്ട ട്രെയിൻ ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ശേഷമാകും എത്തിച്ചേരുക. മംഗള എക്‌സ്‌പ്രസിന് പുറമേ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്‌ദി, കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എന്നീ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

നിലവിൽ വൈകിയോടുന്ന ട്രെയിനുകൾ:

12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്‌ഷൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ് (നാല് മണിക്കൂർ മൂന്ന് മിനിട്ട്)

12218 കേരള സമ്പർക്കക്രാന്തി എക്‌സ്‌പ്രസ് (ഒരുമണിക്കൂർ 44 മിനിട്ട്)

12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി (ഒരുമണിക്കൂർ 42 മിനിട്ട്)

16308 കണ്ണൂർ ആലപ്പുഴ ഇന്റർസിറ്റി ( ഒരുമണിക്കൂർ അഞ്ച് മിനിട്ട്)