ട്രെയിനിൽ സീറ്റിനെ ചൊല്ലിയുള്ള തർക്കം കൈയ്യാങ്കളിയിലേക്ക്; ബെർത്തിൽ നിന്ന് യാത്രക്കാരനെ വലിച്ചിട്ട് മർദനം

Friday 10 October 2025 11:46 AM IST

ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ യാത്രകളിലെ തിക്കും തിരക്കും അനുദിനം വർദ്ധിക്കുന്നതോടൊപ്പം യാത്രക്കാർ തമ്മിലുള്ള അടിപിടിയും തർക്കങ്ങളും കൂടി വരികയാണ്. ഏറെയും റിസർവേഷൻ ഇല്ലാത്ത യാത്രക്കാരുടെ പ്രശ്‌നങ്ങളാണ്. റിസർവ് ചെയ്ത സീറ്റുകൾ മറ്റുള്ളവർ കയ്യടക്കുന്ന സംഭവങ്ങളും ഒട്ടും കുറവല്ല. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുകളിലെ ബർത്തിലുള്ള സീറ്റിനെ ചൊല്ലി രണ്ട് യാത്രക്കാർ തമ്മിൽ അടിപിടിയായതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇതിൽ ആർക്കാണ് സീറ്റ് റിസർവേഷൻ ഉണ്ടായിരുന്നതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഇരുവരുടെയും കയ്യാങ്കളി ഒരു റെസ്‌ലിംഗ് മത്സരത്തിന് സമാനമായിരുന്നു.

താഴെയുള്ളയാൾ മുകളിലത്തെ ബർത്തിലുള്ള യാത്രക്കാരന്റെ കാലിൽ കടിക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് മറുപടിയായി, മുകളിലുള്ളയാൾ ബാലൻസിനായി ഹാൻഡിലിൽ പിടിച്ച് താഴെ നിൽക്കുന്നയാളുടെ തലയിലും കഴുത്തിലും പിടിച്ച് വലിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നതുപോലെ കഴുത്തിൽ ആഞ്ഞടിച്ച് താഴെയിറങ്ങുകയും ചെയ്തു. താഴെയിറങ്ങിയ ശേഷം യാത്രക്കാരനെ തുടരെ ഇടിക്കാൻ തുടങ്ങി. അടിപിടി രൂക്ഷമായതോടെ മറ്റ് യാത്രക്കാർ ഇടപെട്ടാണ് ഇരുവരേയും പിടിച്ചുമാറ്റിയത്.

വീഡിയോയ്ക്ക് താഴെ ഒട്ടേറെ കമന്റുകളാണ് വന്നത്. 'അധികൃതർ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടും യാത്രക്കാരെ സ്വന്തം ഇഷ്ടത്തിന് വിടുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ട്രെയിനുകളിൽ ദിവസവും ഓരോ അടിപിടിയും തർക്കങ്ങളും ഉണ്ടാകുന്നതെന്ന് ഒരാൾ കമന്റു ചെയ്തു. "ആ സീറ്റ് അവരുടേതായിരുന്നില്ല. അവർ രണ്ടുപേരും മറ്റ് കംപാർട്ട്‌മെന്റുകളിലെ യാത്രക്കാരായിരുന്നു' മറ്റൊരാൾ കുറിച്ചു.

മുമ്പും റിസർവ് ചെയ്ത സീറ്റിനെ ചൊല്ലി യാത്രക്കാർ തമ്മിലുണ്ടായ ഒരു വഴക്കിന്റെ വീഡിയോ സോഷ്യൽ മീഡിയിയിൽ ശ്രദ്ധ നേടിയിരുന്നു. റിസർവേഷൻ ഇല്ലാത്ത ഒരാൾ തനിക്ക് ഇരിക്കാൻ സ്ഥലം ചോദിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. സൈഡ് അപ്പർ ബർത്തിലുള്ള റിസർവേഷൻ എടുത്ത യാത്രക്കാരൻ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. "ഈ സീറ്റ് വീട്ടിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശമുണ്ടോ" എന്ന് റിസർവേഷൻ ഇല്ലാത്ത യാത്രക്കാരൻ കളിയാക്കി ചോദിച്ചു. എന്നാൽ സുഖമായി യാത്ര ചെയ്യാനാണ് താൻ പണം കൊടുത്ത് സീറ്റ് ബുക്ക് ചെയ്തതെന്ന് റിസർവേഷൻ എടുത്തയാൾ ശാന്തമായി മറുപടി നൽകുകയായിരുന്നു.