ഗണേശ് കുമാറിന്റെ വിരട്ടൽ ഏറ്റു, പേടിച്ച് എംവിഡി ഉദ്യോഗസ്ഥർ കൂട്ടത്തോടെ പരിപാടിയിൽ; ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ വലഞ്ഞു
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പരിപാടിയിൽ സദസിൽ ആളില്ലാത്തതിന്റെ പേരിൽ മന്ത്രി കെ ബി ഗണേശ് കുമാർ ക്ഷോഭിച്ചിരുന്നു. മന്ത്രിയുടെ വിരട്ടലിന് പിന്നാലെ മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ജീവനക്കാർ പോയതോടെ ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റാണ് തടസപ്പെട്ടത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫാണ് ഇന്ന് നടക്കുന്നത്. ഇതിൽ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥർ പോയത്. പത്തരയോടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയെന്നാണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ പറയുന്നത്. ചിലരുടെ എച്ചും, എട്ടുമൊക്കെ കഴിഞ്ഞിരുന്നു. തിരിച്ചുവന്നിട്ട് റോഡ് ടെസ്റ്റ് നടത്താമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നാണ് വിവരം.
പേരൂർക്കട കെ എസ് ആർ ടി സി ഡിപ്പോയിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ ആഴ്ച കനകക്കുന്ന് പാലസ് പരിസരത്തുവച്ച് പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.
അന്ന് പുതിയ വാഹനങ്ങൾ പാലസിനു മുന്നിലേക്കു കയറ്റി നിറുത്തണമെന്ന നിർദേശം സംഘാടകർ അനുസരിക്കാതിരുന്നതും പരിപാടിയിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നതും മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഇതോടെ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ പ്രസംഗിച്ചതിനുപിന്നാലെ, മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങുകയുമായിരുന്നു. എം എൽ എയോടും മാദ്ധ്യമ പ്രവർത്തകരോടും അതിഥികളോടും മന്ത്രി ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു.