മുഖ്യമന്ത്രി ഗൾഫിൽ പോകേണ്ടെന്ന് കേന്ദ്രം, പര്യടനത്തിനുള്ള അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം
തിരുവനന്തപുരം: മൂന്നാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഗൾഫ് പര്യടനത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അപേക്ഷയ്ക്ക് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. എന്നാൽ അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ വിശദീകരണം പിന്നീട് ഉണ്ടാവുമോ എന്നകാര്യത്തിലും വ്യക്തതയില്ല.
ഈ മാസം 16 മുതൽ അടുത്തമാസം ഒമ്പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബർ 16ന് ബഹ്റൈനിൽ നിന്നാണ് പര്യടനം തുടങ്ങാൻ പ്ലാനിട്ടിരുന്നത് എന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നത്.17ന് സൗദി, ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം 24നും 25നും ഒമാനിലും ഖത്തർ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളും സന്ദർശിക്കാനും മലയാളം മിഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു. മന്ത്രി സജി ചെറിയാനും അനുഗമിക്കും എന്നായിരുന്നു നേരത്തേയെടുത്തിരുന്ന തീരുമാനം.
ഇടതുസർക്കാർ പ്രവാസികൾക്കായി ചെയ്ത കാര്യങ്ങളും പുതിയ പദ്ധതികളും വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം പ്ളാൻചെയ്തിരുന്നത് എന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയെ സ്വീകരിക്കാൻ പ്രവാസി മലയാളി സംഘടനകളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടാണ് സന്ദർശനം പ്ളാൻ ചെയ്തിരുന്നതെന്നാണ് യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ വിലയിരുത്തൽ.