'ശബരിമലയിലെ സ്വർണം 100 കോടിക്ക് വരെ വാങ്ങാൻ ആളുണ്ട്, സിനിമാ മേഖലയിലേക്കടക്കം പോയിട്ടുണ്ട്, പിന്നിൽ വമ്പൻ സ്രാവുകൾ'

Friday 10 October 2025 2:40 PM IST

ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളി കാണാതായ വിഷയത്തിൽ പ്രതികരണവുമായി ശിൽപ്പി മഹേഷ് പണിക്കർ. ദ്വാരപാലക ശിൽപ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് ഡിവൈൻ വാല്യു വളരെ കൂടുതലാണെന്നും അതിനാൽ വലിയ തുകയ്‌ക്കായിരിക്കും വിൽപ്പന നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വിശ്വാസത്തിന്റെ പേരിലുള്ള തട്ടിപ്പായിരിക്കണം നടന്നിട്ടുണ്ടാവുക. ഇതിന് പിന്നിൽ വമ്പൻ സ്രാവുകളാണ്. ഹൈക്കോടതി ഉത്തരവ് വന്നതോടെ നടന്നത് വലിയ കൊള്ളയാണെന്ന് വ്യക്തമായി. ശബരിമലയിലെ ദൈവിക ചൈതന്യത്തിനാണ് വില. സ്വർണപ്പാളി ഉൾപ്പെടെ വിറ്റിരിക്കാനാണ് സാദ്ധ്യത. സ്വർണം ഉരുക്കി നൽകുന്നതിനേക്കാൾ പാളി ഉൾപ്പെടെ നൽകുമ്പോഴാണ് മൂല്യം കൂടുന്നത്. ഉരുക്കി വിറ്റാൽ സ്വർണത്തിന്റെ വില മാത്രമേ കിട്ടുകയുള്ളു. എന്നാൽ, പാളി അതേപോലെ വിറ്റാൽ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമുള്ള തുകയായിരിക്കും ലഭിക്കുക.

ഉണ്ണികൃഷ്‌ണൻ പോറ്റി ഇതിലെ ചെറിയൊരു കണ്ണി മാത്രമാണ്. സിനിമ മേഖലയിലേക്കുൾപ്പെടെ സ്വർണം പോയിട്ടുണ്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. ശബരിമലയിൽ പൊതിഞ്ഞ സ്വർണം അതുപോലെ തന്നെയാണ് വിറ്റതെങ്കിൽ 100 കോടി വരെ നൽകി അത് വാങ്ങാൻ ആളുകളുണ്ട്. സിനിമ നിർമാണ കമ്പനികളടക്കം ആവശ്യക്കാരായെത്തും. ഒറിജിനൽ വിറ്റിട്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി തിരിച്ച് വച്ചാൽ മതിയല്ലോ. പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കംചെന്ന ക്ഷേത്രമാണ് ശബരിമല. അതിനാൽ, അവിടുത്തെ ശിൽപ്പഭാഗങ്ങൾ സൂക്ഷിച്ചാൽ ശനിദോഷം ഉൾപ്പെടെയുള്ളവ മാറുമെന്ന് വിശ്വസിപ്പിച്ചാകും തട്ടിപ്പ് നടത്തിയിട്ടുണ്ടാവുക' - മഹേഷ് പണിക്കർ പറഞ്ഞു.