ഫാക്ട് സ്കൂളുകളിലെ ഓട്ടുമണികൾ കാണാമറയത്ത്

Saturday 11 October 2025 12:38 AM IST
ഫാക്ട് ടൗൺഷിപ് ഹൈസ്കൂൾ

കളമശേരി: ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂളിൽനിന്ന് നഷ്ടപ്പെട്ട 25കിലോവരുന്ന ഓട്ടുമണി ഇന്നും കാണാമറയത്താണ്. മൂന്ന് അന്യ സംസ്ഥാന മോഷ്ടാക്കളെ ഏലൂർ പൊലീസ് പിടികൂടിയെങ്കിലും മണി കിട്ടിയില്ല. മോഷണം നടന്നിട്ട് പതിനാല് മാസം കഴിഞ്ഞു. മണിയുൾപ്പെടെ നിരവധി സാധനങ്ങൾ മോഷ്ടിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

2004 ൽ ഈസ്റ്റേൺ യു.പി.എസ്, സെൻട്രൽ യു.പി.എസ് എന്നിവ സ്വകാര്യ മേഖലയ്ക്ക് കൈമാറിയതോടെ അവിടുത്തെ മണികളും നഷ്ടപ്പട്ടതായാണ് വിവരം.

ഹൈസ്കൂളിന്റെ ഇരുനില കെട്ടിടവും 21ഏക്കർ സ്ഥലവും കാടുകയറി നശിക്കുകയാണ്. സമസ്ത മേഖലകളിലും നിരവധി പ്രതിഭകളെ സംഭാവനചെയ്ത പ്രശസ്തമായ വിദ്യാലയമായിരുന്നു ഇത്. സംസ്ഥാനത്തെ ഏറ്റവും മികച്ച കളിക്കളവും പ്രത്യേകതയാണ്. ദേശീയ, സംസ്ഥാന കായിക ഉത്സവങ്ങൾക്ക് സാക്ഷ്യംവഹിച്ചതാണ് മൈതാനം.

കേന്ദ്രീയ വിദ്യാലയമാക്കാൻ ബന്ധപ്പെട്ടവർ മുന്നോട്ടുവന്നെങ്കിലും കമ്പനി മാനേജ്മെന്റ് താത്പര്യം കാണിച്ചില്ല. ആരെടുത്താലും ശരി വിദ്യാലയമായി നിലനിൽക്കണമെന്നാണ് പൂർവ വിദ്യാർത്ഥികളുടെ ആഗ്രഹം.

സ്വകാര്യ മേഖലയെ ഒഴിപ്പിച്ചശേഷം ഫാക്ടിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സൊസൈറ്റി രൂപീകരിച്ച് അവരായിരുന്നു സ്കൂൾ നടത്തിപ്പ്. കനത്ത വാടകയും കറന്റുചാർജും താങ്ങാനാവാതെ കുടിശിക വന്നതോടെ അതിന്റെ പേരിൽ സ്കൂൾ അടച്ചുപൂട്ടുകയായിരുന്നു.

ഓർമ്മകളിലെ മണിനാദം

ചെറിയ ഇടവേളയോടെ ആദ്യ മൂന്നുബെൽ കഴിഞ്ഞാൽ സ്കൂൾഗീതം, പ്രതിജ്ഞ, വന്ദേമാതരം, വാർത്താവായന. മണിമുഴക്കത്തോടെ തുടങ്ങി മണിയടിച്ച് പിരിയുന്ന ഒരുപകൽ ആരും മറക്കില്ല.

വിദ്യാർത്ഥി സംഘടനകൾ സമരം തുടങ്ങുന്നത് മുദ്രാവാക്യം വിളിച്ച് കൂട്ടമണിയടിച്ചായിരുന്നു. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം തുടങ്ങി സംഘട്ടനത്തിൽ അവസാനിക്കുന്നതും മണിസ്ഥാപിച്ചിരിക്കുന്നിടത്തായിരുന്നു. പ്രമുഖ രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള തെരുവ് പോരാട്ടത്തിലേക്ക് വഴിമാറുന്നതിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു.

ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. സ്പോർട്സ് സ്കൂൾ , ബി എഡ് സെന്റർ എന്നിവയാണ് പരിഗണിക്കുന്നത്

ഫാക്ട് ഔദ്യോഗിക വക്താവ്