രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ തലമാറ്റം, സച്ചിൻ ബേബിയെ നീക്കി ക്യാപ്‌റ്റൻ സ്ഥാനത്ത് മുഹമ്മദ് അസ്‌ഹറുദ്ദീൻ, സഞ്ജുവും ടീമിൽ
തിരുവനന്തപുരം: ഈ മാസം 15ന് ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ കേരളത്തിന് പുതിയ നായകൻ. മുഹമ്മദ് അസ്‌ഹറുദ്ദീനാണ് പുതിയ ക്യാപ്റ്റൻ. മുൻ നായകൻ സച്ചിൻ ബേബിയും ടീമിലുണ്ടാകും. കെസിഎല്ലിൽ ആലപ്പി റിപ്പിൾസിന്റെ നായകനാണ് 31കാരനായ അസ്‌ഹർ. ഇന്ത്യൻ താരം സഞ്ജു സാംസണും ടീമിലുണ്ട്. ഒക്‌ടോബർ 15ന് മഹാരാഷ്‌ട്രയോടാണ് കേരളത്തിന്റെ ആദ്യ മത്സരം.
കഴിഞ്ഞ സീസണിൽ കേരള ടീമിനെ രഞ്‌ജി ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിച്ചിട്ടും സച്ചിൻ ഇത്തവണ നായകനായില്ല. ടീമിന്റെ ഭാവി കണക്കിലെടുത്തുള്ള തീരുമാനമാണ് പുതിയ നായകന്റെ പ്രഖ്യാപനമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കേരള ടീം: മുഹമ്മദ് അസ്‌ഹറുദ്ദീൻ (ക്യാപ്‌റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ്, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിഥീഷ് എംഡി, ബേസിൽ എൻപി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.
ഫൈനലിൽ കേരളത്തോട് സമനില വഴങ്ങിയതോടെയാണ് വിദർഭ കഴിഞ്ഞ രഞ്‌ജി ട്രോഫി നേടിയത്. അതേസമയം ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ ആദ്യത്തെ കുറച്ച് മത്സരങ്ങൾ സഞ്ജു സാംസണ് നഷ്‌ടമാകുമെന്നാണ് സൂചന.