യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാനായില്ല; ശസ്ത്രക്രിയ പരാജയം

Friday 10 October 2025 4:50 PM IST

തിരുവനന്തപുരം: യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ ശസ്ത്രക്രിയ വഴി പുറത്തെടുക്കാനുളള ശ്രമം പരാജയം. കീഹോൾ ശസ്ത്രക്രിയ രണ്ടു തവണ പരാജയപ്പെട്ടെന്ന് ഡോക്ടർമാർ പറയുന്നു. കിഹോള്‍ വഴി ഗൈഡ് വയർ പുറത്തെടുത്താൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഗൈഡ് വയറിന്റെ രണ്ടറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഇപ്പോഴുളളത്. യുവതി നാളെ ആശുപത്രി വിടുമെന്നാണ് വിവരം. ഇന്നലെയാണ് സുമയ്യ ആശുപത്രിയിൽ അഡ്മിറ്റായത്. രണ്ടുവ‌ർഷം മുൻപ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്‌ഡിന്റെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്‌സ്‌ റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്.

ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ ഒഴിഞ്ഞു മാറുകയായിരുന്നു. ട്യൂബ് നെഞ്ചിൽ ഒട്ടിയാണ് ഇരിക്കുന്നത്. എടുത്ത് മാറ്റാൻ പ്രയാസമാണ്. ശ്രമിച്ചാൽ ജീവന് ഭീഷണിയാണെന്ന് നേരത്തെ ഡോക്‌ടർമാർ പറഞ്ഞിരുന്നു. സുമയ്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ ജനറൽ ആശുപത്രിയിലെ ഡോ.രാജീവ് കുമാറിന്റെയും ജൂനിയർ ഡോക്ടറിന്റെയും മൊഴി നേരത്തെ എടുത്തിരുന്നു. സംഭവത്തിൽ പൊലീസിന് നൽകിയ പരാതി കന്റോൺമെന്റ് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വയർ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. എന്നാല്‍, ശ്വാസമുട്ടൽ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സുമയ്യ മെഡിക്കൽ ബോർഡിനെ അറിയിച്ചത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.