അങ്കമാലി ശ്മശാന നിർമ്മാണം: നാളെ പ്രതിഷേധ ധർണ നടത്തും
അങ്കമാലി: അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനോടും റെയിൽവേ സ്റ്റേഷനോടും ചേർന്ന സ്ഥലത്ത് പൊതുശ്മശാനം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നാളെ വൈകിട്ട് 4.30ന് റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും. ശ്മശാനം നിർമ്മിക്കുന്നതിന് എതിരല്ലെന്നും ജനസാന്ദ്രതയുള്ള ഈ സ്ഥലത്ത് സ്ഥാപിക്കരുതെന്നാണ് ആവശ്യമെന്നും സമിതി ഭാരവാഹികളായ റെയിൽവേ സ്റ്റേഷൻ നഗർ അസോസിയേഷൻ പ്രസിഡന്റ് റിന്റോ ഡേവിസ്, സെക്രട്ടറി ഗ്ലാഡ്സൺ ജോർജ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ്, മർച്ചന്റ്സ് യൂണിയൻ പ്രസിഡന്റ് ആന്റു മാത്യു, സെക്രട്ടറി സി.വി. മാർട്ടിൻ എന്നിവർ അറിയിച്ചു.
പദ്ധതി ആരംഭിക്കുന്നതിന് ഒരുങ്ങുമ്പോൾ തന്നെ നഗരസഭയ്ക്ക് രേഖാമൂലം എല്ലാ സംഘടനകളും പരാതി നൽകിയെങ്കിലും ഒരിക്കൽപോലും ചർച്ചയ്ക്ക് വിളിക്കുകയോ പദ്ധതിയെ സംബന്ധിച്ച് വ്യക്തമായ വിശദീകരണം പരിസരവാസികൾക്ക് നൽകുകയോ ചെയ്തിട്ടില്ല. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ടെൻഡർ നടപടികൾ മരവിപ്പിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്മശാനം സ്ഥാപിക്കാൻ തിടുക്കത്തിൽ നീക്കം നടത്തിയപ്പോൾ പരിസരവാസികളുടെ ആശങ്കകൾ പരിഹരിച്ചിരുന്നില്ല. മാത്രമല്ല റെയിൽവേയിൽ നിന്ന് അനുമതി പത്രമോ, പോലീസ്, മോട്ടോർ വാഹന വകുപ്പുകളിൽ നിന്ന് അനുകൂല റിപ്പോർട്ടുകളോ നേടിയിട്ടില്ലെന്നും സമിതി ഭാരവാഹികൾ പറയുന്നു.
എന്നാൽ മലിനീകരണ ബോർഡിന്റെ അനുമതിയുണ്ടെന്നാണ് നഗരസഭ അവകാശപ്പെടുന്നത്. ബസ് സ്റ്റാൻഡിൽ അധികം സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനുപകരം സ്റ്റാൻഡ് തന്നെ ഭാവിയിൽ ഇല്ലാതാക്കുന്ന തരത്തിലാണ് നഗരസഭയുടെ നീക്കമെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.