ചങ്ങമ്പുഴയുടെ സ്കൂളിൽ കാനനച്ഛായ ഒരുക്കി കവി മുരുകൻ കാട്ടാക്കട
കൊച്ചി: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 115ാം ജന്മവാർഷികാഘോഷ നിറവിൽ, ജന്മനാടായ ഇടപ്പള്ളിയിലെ കവി പഠിച്ച ദേവൻകുളങ്ങര എൽ.പി സ്‌കൂളിൽ ഇന്നലെ കുട്ടികളും അദ്ധ്യാപകരും അപ്രതീക്ഷിത അതിഥിയുടെ വരവിൽ സന്തോഷത്തിലായി. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചങ്ങമ്പുഴ പാർക്കിൽ നടന്ന കവിയരങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതാണ് പ്രശസ്ത കവി മുരുകൻ കാട്ടാക്കട. മുൻനിരയിലിരിക്കുന്ന കുട്ടികളെ അദ്ദേഹം തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. ചടങ്ങുകൾ കഴിഞ്ഞ് കുട്ടികൾക്കരികിലെത്തിയപ്പോൾ സ്‌കൂളിലെത്തണമെന്ന അവരുടെ ആഗ്രഹം സഫലമാക്കാൻ പ്രധാനാധ്യാപിക മിനി, വിദ്യാരംഗം കോഓർഡിനേറ്ററായ ദീപ്തി എന്നിവർക്കൊപ്പം മുരുകൻ കാട്ടാക്കട അപ്രതീക്ഷിതമായി ചങ്ങമ്പുഴയുടെ പൂർവവിദ്യാലയത്തിൽ എത്തുകയായിരുന്നു. കവിയെ കണ്ട സന്തോഷത്തിൽ കുഞ്ഞുങ്ങൾ ഓടി അരികിലെത്തി ചുറ്റുംകൂടി. ചങ്ങമ്പുഴ പഠിച്ച ബഞ്ചിലിരുന്ന് പഠിക്കാൻ ഭാഗ്യം ലഭിച്ച വിദ്യാർത്ഥികളാണ് നിങ്ങളെന്ന് പറഞ്ഞ് മുരുകൻ കാട്ടാക്കട ചങ്ങമ്പുഴയുടെ പ്രശസ്ത കൃതിയായ രമണനിലെ 'കാനനച്ഛായയിൽ ആടുമേയ്ക്കാൻ' എന്ന് ചൊല്ലിത്തുടങ്ങിയപ്പോൾ കുട്ടികളും ഏറ്റുചൊല്ലി. സ്‌കൂളിനും കുട്ടികൾക്കും സന്തോഷ നിമിഷങ്ങൾ സമ്മാനിച്ചാണ് കവി മടങ്ങിയത്. ഇനിയൊരു ദിവസം ഞാനെത്തുമെന്ന് കുട്ടികൾക്ക് വാക്കുനൽകിയാണ് അദ്ദേഹം യാത്രയായത്.
ജന്മദിനാഘോഷങ്ങൾക്ക് തുടക്കം ഇന്നലെ രാവിലെ ചങ്ങമ്പുഴ സമാധിയിൽ പുഷ്പാർച്ചനയോടെയാണ് ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജന്മദിനാഘോഷങ്ങൾക്ക് തുടക്കമായത്. കവിയുടെ മകൾ ലളിത ചങ്ങമ്പുഴ, ചെറുമകൻ ഹരികുമാർ ചങ്ങമ്പുഴ, മേയർ അഡ്വ. എം. അനിൽകുമാർ, ഗ്രന്ഥശാലാ പ്രസിഡന്റ് ഡോ. ഹരികുമാർ, സെക്രട്ടറി വി.ഡി. ഷജിൽ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
വൈകിട്ട് നടന്ന ചടങ്ങിൽ പ്രൊഫ. എസ്.കെ. വസന്തൻ അനുസ്മരണ പ്രഭാഷണം നടത്തി. സമ്മേളനം അഡ്വ. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഷാജി ജോർജ് പ്രണത എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ 10.30ന് ക്ലാസിക് സിനിമകളുടെ കാലിക പ്രസക്തിയെക്കുറിച്ച് ചർച്ച, വൈകിട്ട് 5.30ന് പ്രൊഫ. എസ്. ജോസഫിന്റെയും ഡോ. ടി.എസ്. ശ്യാംകുമാറിന്റെയും പ്രഭാഷണം. 7.30ന് അന്തിക്കാട് നാടകവീടിന്റെ 'വെയ് രാജ വെയ്' നാടകം.