ഏത് മൂഡ്,​ സ്‌പോർട്‌സ് മൂഡ്.. റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് തുടക്കം

Saturday 11 October 2025 12:58 AM IST

കൊച്ചി: ജില്ലയ്ക്കിനി കൗമാര കായികമേളയുടെ തിമിർപ്പ്. എറണാകുളം റവന്യൂ ജില്ലാ കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. 15 വരെയാണ് മേള. ഇന്നും 12,13 തീയതികളിലുമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് ഇനങ്ങളും 14,15 തീയതികളിൽ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ ത്രോ ഇനങ്ങളും നടക്കും. 14 ഉപ ജില്ലകളിൽ നിന്നുമായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലായി 2700ഓളം താരങ്ങൾ മേളയിൽ മാറ്റുരയ്ക്കും.

ഇന്ന് രാവിലെ 9.30 ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. തുടർന്ന് ടി.ജെ. വിനോദ് എം.എൽ.എ മേളയുടെ ഉദ്ഘാടനം. കൊച്ചി കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ശ്രീജിത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പി.വി. ശ്രീനിജൻ എം.എൽ.എ മുഖ്യാതിഥിയാകും. 15ന് വൈകിട്ട് നാലിന് കോതമംഗലം എം.എ കോളേജിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ആന്റണി ജോൺ എം.എൽ.എ നിർവഹിക്കും.

22-ാം കിരീടം ലക്ഷ്യമിട്ട് കോതമംഗലം

കഴിഞ്ഞ തവണ എതിരാളികളെ ഏറെ ദൂരം പിന്നിലാക്കി കോതമംഗലം ഉപജില്ല കിരീടം തുടർച്ചയായ 21-ാം തവണയും കിരീടം സ്വന്തമാക്കിയിരുന്നു. 44 സ്വർണവും 38 വെള്ളിയും 17 വെങ്കലവുമടക്കം 368 പോയിന്റോടെയായിരുന്നു ആതിഥേയരുടെ ചാമ്പ്യൻ പട്ട നേട്ടം. സ്‌കൂളുകളിൽ മാർ ബേസിലായിരുന്നു ജേതാക്കൾ. 22 സ്വർണവും 21 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 185 പോയിന്റോടെയായിരുന്നു മാർ ബേസിൽ കിരീടം ചൂടിയത്.