നേതാജി നഗര്‍ മേല്‍പാലം: തുടര്‍നടപടികള്‍ക്കായി പി.ഡബ്ല്യു.ഡി എന്‍.എച്ച് വിഭാഗത്തിന് ചുമതല
കോഴിക്കോട്: പനാത്ത്താഴം -സി.ഡബ്ല്യു.ആര്.ഡി.എം റോഡില്‍ ദേശീയപാതയ്ക്ക് കുറുകെ നേതാജി നഗറില്‍ പണിയുന്ന എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി. കേരള നഗരപാത വികസന പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രധാന നഗര റോഡുകളുടെ നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഫാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി നല്‍കിയത്. വേഗത്തില്‍ എലിവേറ്റഡ് ഹൈവേ തുടര്‍നടപടികളുമായി മുന്നോട്ടു പോകാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മേല്‍പാലം നിര്‍മിക്കുന്നതിനുള്ള തുകയ്ക്ക് അനുമതിയായിരുന്നു.
പ്രവൃത്തി വിലയിരുത്തി മന്ത്രി
യോഗത്തില്‍ കേരള നഗരപാത വികസന പദ്ധതിയില്‍പ്പെട്ട നഗരത്തിലെ 12 പ്രധാന റോഡുകളുടെ പ്രവര്‍ത്തന പുരോഗതി മന്ത്രി വിലയിരുത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ സമയക്രമം പാലിച്ച് പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. റോഡുകളുടെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നഗരത്തിലെ പ്രധാന റോഡുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി രണ്ടാഴ്ച തോറും ഉദ്യോഗസ്ഥതല അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 1.072 കിലോമീറ്റര്‍ ദൂരവും 18 മീറ്റര്‍ വീതിയുമുള്ള മിനിബൈപാസ് - പനാത്ത്താഴം മേല്‍പ്പാലത്തിന്റെ അതിര്‍ത്തി കല്ലിടല്‍ പ്രവൃത്തി പൂര്‍ത്തിയായി. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലമേറ്റെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കാനാകുമെന്നും യോഗത്തെ അറിയിച്ചു. നാലുവരി പാതയായി നിര്‍മിക്കുന്ന മീഞ്ചന്ത - അരീക്കാട് മേല്‍പ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാളിക്കടവ് - തണ്ണീര്‍പന്തല്‍ റോഡ്, അരയിടത്തുപാലം - അഴകൊടി ക്ഷേത്രം - ചെറൂട്ടി നഗര്‍ റോഡ്, കോതിപ്പാലം - ചക്കുംകടവ് - പന്നിയങ്കര മേല്‍പ്പാലം, പെരിങ്ങളം ജംഗ്ഷന് റോഡ്, മൂഴിക്കല്‍ - കാളാണ്ടിത്താഴം റോഡ്, കരിക്കാംകുളം - സിവില്‍ സ്റ്റേഷന് - കോട്ടൂളി റോഡ്, മാങ്കാവ് - പൊക്കുന്ന് - പന്തീരാങ്കാവ് റോഡ്, രാമനാട്ടുകര - വട്ടക്കിണര്‍ റോഡ്, കല്ലുത്താന്‍കടവ് - മീഞ്ചന്ത റോഡ്, മാനാഞ്ചിറ - പാവങ്ങാട് റോഡ്, പന്നിയങ്കര - പന്തീരാങ്കാവ് റോഡ്, ഫറോക്ക് പേട്ട ജംഗ്ഷന് തുടങ്ങി റോഡുകളുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തി.
മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് പുതുവത്സര സമ്മാനമായി സമർപ്പിക്കുമെന്ന് മന്ത്രി
കോഴിക്കോട്: പുതുവത്സര സമ്മാനമായി മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നവീകരണ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരള റോഡ്സ് ഫണ്ട് ബോർഡിന്റെ കോഴിക്കോട് നഗരപാത വികസന പദ്ധതിയിൽ ഉൾപ്പെട്ട റോഡിന് എൻ.ഒ.സി ലഭിച്ചിട്ടുണ്ടെന്നും വളരെ വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രവൃത്തി കാലാവധിക്ക് മുമ്പ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. മലാപ്പറമ്പ്-മാനാഞ്ചിറ റോഡിന് 137.44 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. അതില്‍ 5.32 കിലോമീറ്റര്‍ ദൂരമുള്ള മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള റോഡിന് 24 മീറ്റര്‍ വീതിയുണ്ടാകും. നാലുവരി പാതയായാണ് വികസനം. 21 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഏഴ് ബസ് ബേയും സിവില്‍ സ്റ്റേഷനു മുന്നില്‍ ഒരു നടപ്പാലവും കവലകളില്‍ ട്രാഫിക് സിഗ്നലുകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.