ശബരിമലയിൽ പുതിയ വിവാദം യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തു കൊണ്ടുപോയി

Saturday 11 October 2025 1:37 AM IST

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ സംശയ നിഴലിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുറിന് വീണ്ടും കുരുക്കായി പുതിയ ആരോപണം. നട അടച്ചശേഷം അയ്യപ്പനെ യോഗനിദ്രയിൽ അണിയിക്കുന്ന യോഗദണ്ഡ് അറ്റകുറ്റപ്പണിക്ക് മകനെ ഏല്പിച്ചെന്നും ഇത് പുറത്തുകൊണ്ടുപോയെന്നുമാണ് ആക്ഷേപം ഉയർന്നത്.

അറ്റകുറ്റപ്പണി എവിടെ നടത്തി എന്നതിന് ദേവസ്വം രേഖകളിൽ വ്യക്തതയില്ല. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നപ്പോൾ പന്തളം കൊട്ടാരം സമർപ്പിച്ചതാണ് യോഗദണ്ഡ്. 2019ൽ യോഗദണ്ഡും അയ്യപ്പന്റെ രുദ്രാക്ഷമാലയും സർണം ചുറ്റാൻ തീരുമാനിച്ചിരുന്നു. ജയശങ്കർ പദ്മൻ എന്നയാളെ ചുമതലപ്പെടുത്തിയെന്നു രേഖകളിലുണ്ട്. ഇത് പദ്മകുമാറിന്റെ മകനാണ്. 19.2 ഗ്രാം സ്വർണം ചുറ്റിയെന്ന് മഹസറിലുണ്ട്.

സ്വർണപ്പാളി വിവാദത്തിൽ സസ്പെൻഷനിലായ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, വിരമിച്ച എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്‌കുമാർ, തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു എന്നിവരാണ് മഹസറിൽ ഒപ്പിട്ടിട്ടുള്ളത്.

അറ്റകുറ്റപ്പണി

മകന്റെ വഴിപാട്

യോഗദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്ത് നൽകിയത് മകന്റെ വഴിപാടായിട്ടെന്ന് എ.പദ്മകുമാർ പറഞ്ഞു. യോഗദണ്ഡും രുദ്രാക്ഷമാലയും പുറത്തുകൊണ്ടുപോയിട്ടില്ല. 2019ൽ വിഷുവിന് ക്ഷേത്രനടയ്ക്ക് മുന്നിൽ വച്ചാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. സ്‌പോൺസറെ പുറത്തുനിന്ന് കണ്ടെത്താൻ പറഞ്ഞപ്പോൾ ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാൽ മകൻ വഴിപാടായി ഏറ്റെടുത്തതായിരുന്നു. അന്ന് മകനും സന്നിധാനത്തുണ്ടായിരുന്നു. രുദ്രാക്ഷമാല കഴുകി നൽകുകയായിരുന്നു. വിവാദങ്ങളിലേക്കു മകനെ വലിച്ചിഴയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്.