പാലക്കാട് നഗരസഭയ്ക്ക് കിട്ടാനുള്ള വാടക കുടിശ്ശിക കോടികൾ

Saturday 11 October 2025 1:20 AM IST

 സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക ലക്ഷങ്ങൾ

പാലക്കാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ-അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് വാടകയിനത്തിൽ കുടിശ്ശിക കോടികൾ. നഗരസഭയുടെ കീഴിലുള്ള വിവിധ കോംപ്ലക്സുകളിലായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെല്ലാം ചേർന്നാകട്ടെ വാടകയിനത്തിൽ നഗരസഭയ്ക്ക് രണ്ട് കോടിയിലധികം രൂപയാണ് നൽകാനുള്ളത്. 2019 മുതൽ വാടക കുടിശ്ശികയുള്ള സ്വകാര്യ സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്. പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് പലർക്കും കുടിശ്ശികയുള്ളത്. പി.ഡി.എ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം മാത്രം ഒരു കോടിയിലധികം രൂപയാണ് നൽകാനുള്ളത്.

പല സർക്കാർ സ്ഥാപനങ്ങളും 2008 മുതൽ വാടക കുടിശിക വരുത്തിയിട്ടുണ്ട്. 2024ലെ സർക്കാരിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ടൗൺ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, കോർട്ട് റോഡിലെ നോർത്തേൺ ഹാളിലുള്ള ജില്ല വിദ്യാഭ്യാസ ഓഫീസ്, സതേൺ ഹാളിലെ ടൗൺ പ്ലാനിംഗ് ഓഫിസ്, ഡ്രഗ് ഇൻസ്‌പെക്ടർ ഓഫിസ്, റോബിൻസൺ റോഡിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, എരുമക്കാര തെരുവിലെ കയർഫെഡ് മാനേജിംഗ് ഡയറക്ടർ ഓഫിസ്, വനിത പൊലീസ് സ്റ്റേഷൻ, സുൽത്താൻപേട്ട ലൈബ്രറി, കോർട്ട് റോഡിലെ കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ഓഫീസ്, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ചേർന്ന് ആകെ 71,10,357 രൂപയാണ് വാടകയിനത്തിൽ നഗരസഭയ്ക്ക് നൽകാനുള്ളത്.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് 2019 മാർച്ച് മുതൽ വാടക നൽകിയിട്ടില്ല. 5,02,924 രൂപയാണ് വകുപ്പ് അടക്കാനുള്ളത്. 2023 നവംബർ മുതലുള്ള 86,570 രൂപയാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് കുടിശ്ശികയുള്ളത്. ടൗൺ പ്ലാനിംഗ് ഓഫിസാണ് ഏറ്റവും കൂടുതൽ കുടിശ്ശിക അടക്കാനുള്ളത്. 2014 ജൂൺ മുതലുള്ള 28,18,596 രൂപ. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് 7,69,080 രൂപ. കയർഫെഡ് മാനേജിംഗ് ഡയറക്ടർ ഓഫിസ് 71,248 രൂപ, 2019 ഏപ്രിൽ മുതലുള്ള വാടകയാണ് വനിത പൊലീസ് സ്റ്റേഷൻ കുടിശ്ശികയാക്കിയിട്ടുള്ളത് 12,93,916 രൂപ. കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ ഓഫിസ് 1,74,678 രൂപ അടക്കണം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഓഫിസ് 2020 മാർച്ച് മുതൽ 2013 ജൂലായ് വരെ 91,940 രൂപയാണ് അടക്കാനുള്ളത്.