മെഡി കോളേജിൽ മരുന്ന് പ്രതിസന്ധി രൂക്ഷം , ഹൃദയ താളം നിലച്ചു

Saturday 11 October 2025 12:10 AM IST

കോഴിക്കോട്: മരുന്ന് പ്രതിസന്ധിക്ക് പരിഹാരമായില്ല മെഡിക്കൽ കോളേജിൽ ഹൃദയ ശാസ്ത്രക്രിയകൾ നിലച്ചു. സ്റ്റെന്റും അനുബന്ധ ഉപകാരണങ്ങളും ആവശ്യത്തിന് ഇല്ലാത്തതിനാൽ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 80 ഓളം ആൻജിയോഗ്രാം, ആഞ്ജിയോപ്ലാസ്റ്റി കേസുകളാണ് മാറ്റിവെച്ചത്. അഞ്ചിൽ താഴെ പേസ്മേക്കർ മാറ്റിവെക്കൽ സർജറികൾ മാത്രമാണ് നടന്നത്. ഇതോടെ കാത്ത്‌ലാബ് അടച്ചിട്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം വിതരണക്കാരുമായി ഡി.എം.ഇ നടത്തിയ ചർച്ചയിൽ പണം നൽകാൻ തീരുമാനമായിരുന്നു. എന്നാൽ പണം ലഭിക്കാതായതോടെ വിതരണക്കാർ സമരം തുടരുകയാണ്. മെഡിക്കൽ കോളേജിന് എട്ടുകോടി രൂപ നൽകാനാണ് യോഗത്തിൽ തീരുമാനമായതെങ്കിലും ലഭിക്കാനുള്ള കുടിശികയുടെ പകുതിയെങ്കിലും ലഭിച്ചാലേ വിതരണം പുനസ്ഥാപിക്കുകയുള്ളു എന്ന നിലപാടിലാണ് വിതരണക്കാരുടെ സംഘടനയായ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷൻ. ഹൃദയചികിത്സയ്ക്കുള്ള സ്റ്റെൻറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ മെഡിക്കൽ ഡിവെെസസ് ഇൻഡസ്ട്രി വെൽഫെയർ അസോസിയേഷന് മാത്രം 42 കോടിയാണ് കുടിശ്ശികയുള്ളത്. മറ്റുള്ള വിതരണക്കാർക്കും കോടികൾ കുടിശ്ശികയുണ്ട്. നിലവിൽ സ്റ്റോക്കുള്ള ഉപകരണങ്ങളും അമിത വില നൽകി പുറത്ത് നിന്ന് ഉപകരണങ്ങൾ വാങ്ങിയുമാണ് മെഡി.കോളേജിൽ ഹൃദയ ശസ്ത്രക്രിയകൾ നടക്കുന്നത്. പ്രതിസന്ധി രൂക്ഷമാകുമ്പോഴും കുടിശ്ശിക നൽകി പ്രശ്നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നാണ് വിതരണക്കാർ പറയുന്നത്.

“ഹൃദയ ശസ്ത്രക്രിയകൾ പൂർണമായും നിറുത്തി വെച്ച സാഹചര്യം ഉണ്ടായിട്ടില്ല. കൂടുതൽ ഉപകരണങ്ങൾ ഇന്നെത്തിക്കും “ ഡോ. എം.പി ശ്രീജയൻ, എം.സി.എച്ച് സൂപ്രണ്ട്