വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്, ജയം 100 റണ്‍സിന്

Friday 10 October 2025 10:30 PM IST

ഗുവാഹത്തി: വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ്. 100 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ മറുപടി 39.5 ഓവറില്‍ 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്നത്. 34 റണ്‍സെടുത്ത ഫാഹിമ ഖത്തൂണ്‍ ആണ് ടോപ് സ്‌കോറര്‍. ഈ ലോകകപ്പിലെ ന്യൂസിലാന്‍ഡിന്റെ ആദ്യ ജയമാണ് ഇന്നത്തേത്.

ഫാഹിമ ഖത്തൂണ്‍ 34(80), നഹീദ അക്തര്‍ 17(32), റബേയ ഖാന്‍ 25(39) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. ഒരവസരത്തില്‍ 33ന് ആറ് എന്ന സ്‌കോറില്‍ നിന്ന് മൂവരും ചേര്‍ന്ന് നടത്തിയ പ്രകടനമാണ് ടീം സ്‌കോര്‍ മൂന്നക്കം കടത്തിയത്. ന്യൂസിലാന്‍ഡിന് വേണ്ടി ലേ താഹുഹു, ജെസ് ഖേര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ റോസ്‌മേരി രണ്ട് വിക്കറ്റുകളും അമേലിയ ഖേര്‍, ഈഡന്‍ കാഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ് ന്യൂസിലാന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി പ്രകടനങ്ങളുമായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 63(85), ബ്രൂക് ഹാലിഡേ 69(104) എന്നിവരാണ് കിവീസ് നിരയില്‍ തിളങ്ങിയത്. മാഡി ഗ്രീന്‍ 25(28), സൂസി ബേയ്റ്റ്‌സ് 29(33) റണ്‍സ് വീതവും നേടി. ബംഗ്ലാദേശിനായി റബേയ ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.