ശബരിമല: അന്വേഷണ  സംഘം വിപുലീകരിച്ചു

Saturday 11 October 2025 1:40 AM IST

കൊച്ചി: ശബരിമല സ്വർണത്തട്ടിപ്പിലെ അന്വേഷണ സംഘം വിപുലപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശം. ക്രൈംബ്രാഞ്ച് എസ്.പി. ബിജോയ്, വയനാട് ഡിവൈ.എസ്.പി എസ്.എസ്. സുരേഷ് ബാബു, കെ.ഇ.പി.എ ഡിവൈ.എസ്.പി കെ.കെ. സജീവ് എന്നിവരെ ഉൾപ്പെടുത്താനാണ് തീരുമാനം.

അന്വേഷണച്ചുമതലയുള്ള തൃശൂർ പൊലീസ് അക്കാഡമി അസി. ഡയറക്ടർ എസ്. ശശിധരൻ ഇന്നലെ നേരിട്ട് ഹാജരായി. മറ്റ് ചുമതലകൾ ഉള്ളതിനാൽ അംഗബലം വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയായിരുന്നു.

വിജിലൻസ് എസ്.പി വി. സുനിൽ കുമാർ സമർപ്പിച്ച റിപ്പോർട്ട് ഇന്നലെത്തന്നെ ദേവസ്വം ബോർഡിന് നൽകി. ബോർഡ് ഉടൻ ഇത് സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറണം. കേസ് രജിസ്റ്റർ ചെയ്യാൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി എച്ച്.വെങ്കടേഷിന് പൊലീസ് മേധാവി നിർദ്ദേശം നൽകണമെന്നും കോടതിഉത്തരവിട്ടു. പൊലീസ് മേധാവിയെ ഹർജിയിൽ കക്ഷി ചേർത്തു. അന്വേഷണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടത് ഡി.ജി.പിയാണ്.

സ്വർണപ്പാളികൾ ചെമ്പു പാളികളെന്ന പേരിൽ കൈമാറിയതും അനുവാദമില്ലാതെ സ്വർണം നീക്കം ചെയ്തതും അപഹരിച്ചതും പ്രഥമദൃഷ്ട്യാ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ഗുരുതരമായ കുറ്റങ്ങളാണെന്ന് കോടതി പറഞ്ഞു.

ലിന്റലുകൾ സംബന്ധിച്ചും ക്രമക്കേടുണ്ടായിട്ടുള്ളതിനാൽ എല്ലാ രേഖകളും തയ്യാറാക്കി സീൽ ചെയ്യണം. ഇതിന്റെ ഒരു സെറ്റ് കോപ്പി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ സുരക്ഷിത കസ്റ്റഡിയിൽ ഏൽപ്പിക്കണമെന്നും നിർദ്ദേശിച്ചു.

വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പിനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ അടുത്തദിവസം സന്നിധാനത്തെത്തുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു.

മാദ്ധ്യമങ്ങളുടെ സമാന്തര

അന്വേഷണം വേണ്ട

കോടതി വിധികൾ റിപ്പോർട്ട് ചെയ്യുന്നത് തുടരാമെങ്കിലും മാദ്ധ്യമങ്ങൾ സമാന്തര അന്വേഷണം നടത്തരുത്. കൃത്യതയില്ലാത്തതും സെൻസേഷണലുമായ റിപ്പോർട്ടിംഗ് പ്രതികൂല ഫലമുണ്ടാക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. മാദ്ധ്യമങ്ങളല്ല, ജുഡിഷ്യറിയാണു വിധിപറയേണ്ടത്.

ജസ്റ്റിസ് ശങ്കരൻ എത്തുമ്പോൾ സന്നിധാനത്തു പ്രവേശിക്കാൻ മാദ്ധ്യമങ്ങൾ അനുമതി തേടിയിരുന്നു. ഇത് നിഷേധിച്ച നടപടി കോടതി ശരിവച്ചു.