എയിംസ് കോഴിക്കോട് തന്നെ വേണം: മുഖ്യമന്ത്രി
സുരേഷ് ഗോപിയുടെ വാദം തള്ളി
ന്യൂഡൽഹി: കേരളത്തിൽ എയിംസ് അനുവദിക്കാൻ കോഴിക്കോട്ടെ കിനാലൂരിലാണ് സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്നും, പദ്ധതി അവിടെയാണ് വരേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്‌താവനയോടായിരുന്നു പ്രതികരണം.
കോഴിക്കോട് മാത്രമാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. അത് പ്രത്യേക താത്‌പര്യത്തിന്റെ അടിസ്ഥാനത്തിലല്ല. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. കൂടുതൽ ആവശ്യപ്പെട്ടാൽ നൽകും. എയിംസുമായി ബന്ധപ്പെട്ട സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസ് ഉടൻ അനുവദിക്കണമെന്ന ആവശ്യം ഡൽഹിയിൽ പ്രധാനമന്ത്രി , കേന്ദ്ര ആരോഗ്യമന്ത്രി എന്നിവരുമായുള്ള കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.
സഭയിലെ പരാമർശം
നാടൻ പ്രയോഗം
നിയമസഭയിൽ താൻ 'എട്ടേമുക്കാൽ അട്ടി വച്ച പോലെ' എന്നു പറഞ്ഞത് നാടൻ പ്രയോഗമാണെന്നും ഊതിയാൽ വീഴുന്ന ശരീരമുള്ള ഒരാൾ ശക്തിയുള്ള വാച്ച് ആന്റ് വാർഡിനെ തള്ളുന്നത് കണ്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വാച്ച് ആന്റ് വാർഡ് നിശബ്‌ദ ജീവികളായതുകൊണ്ട് പ്രതികരിക്കില്ലെന്ന് കരുതിയാണ് ആരോഗ്യമില്ലാത്തയാൾ അവരെ പിടിച്ചു വലിക്കാനും തള്ളാനും ശ്രമിച്ചത്. പ്രയോഗം മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരത്തിനെ ഉദ്യേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു.