പോറ്റിക്ക് മടക്കി നൽകിയ സ്വർണം എവിടെയെന്ന് കണ്ടെത്തണം
കൊച്ചി: ചെമ്പ് പാളികൾ സ്വർണം പൂശിയതിനുശഷം ബാക്കിവന്ന 474.9 ഗ്രാം സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതായാണ് സൂചന. ഇത് ശബരിമലയിൽ തിരിച്ചെത്തിയതിന് രേഖകളില്ല.
സ്വർണം പ്ലേറ്റ് ചെയ്ത ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് അധികൃതരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം ദേവസ്വം വിജിലൻസിന് ബോദ്ധ്യമായത്.
ഇതോടെ ഈ സ്വർണം കണ്ടെത്തേണ്ടത് കേസിൽ നിർണായകമാണ്.
പാളികളിൽ മീതേയ്‌ക്കു മീതെ സ്വർണം പൂശാൻ സ്മാർട്ട് ക്രിയേഷൻസിന് സാങ്കേതിക വിദ്യയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശപ്രകാരം പഴയസ്വർണം നീക്കി പുതിയത് പൂശുകയായിരുന്നു. വാതിലിന് സ്വർണം പൂശി നൽകിയ ഗോവർദ്ധനാണ് കട്ടിളപ്പടിക്കായി 186.587 ഗ്രാം സ്വർണം 2019 ജൂൺ 10 ന് നൽകിയത്. ഇതിൽ 184 ഗ്രാം ഉപയോഗിച്ചു.15 ന് പണികഴിഞ്ഞ് കൈമാറി. ബാക്കി സ്വർണവും മടക്കി നൽകി. 2019 ആഗസ്റ്റിലാണ് ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിൽ എത്തിക്കുന്നത്. അതിൽ സ്വർണത്തിന്റെ അംശമുണ്ടായിരുന്നു. എന്നാൽ പോറ്റി പറഞ്ഞിട്ട് അതും നീക്കി. ദേവസ്വം ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. 2019 സെപ്തംബർ 4ന് ദ്വാരപാലക ശില്പങ്ങളുടെ ഭാഗമായ 14 പാളികൾ സ്വർണം പൂശി കൈമാറി. 394.9 ഗ്രാം സ്വർണമാണ് ഉപയോഗിച്ചത്.
സ്മാർട്ട് ക്രിയേഷൻസിന് പ്രതിഫലമായി 109.243 ഗ്രാം സ്വർണമാണ് നൽകിയത്. സ്‌പോൺസർ എന്ന് പറഞ്ഞെത്തിയ പോറ്റി ഇതിനുള്ള പണം പോലും സ്വന്തം പോക്കറ്റിൽ നിന്ന് നൽകിയില്ല.