ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പുമായി ബന്ധപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മാളികപ്പുറത്തെ പൂജാരിയുടെ അസിസ്റ്റന്റായി വന്നയാൾക്ക് ഇത്ര വലിയ സ്വാധീനം അവിടെ എങ്ങനെയുണ്ടായി?.ശബരിമലയിൽ നടന്നത് കൂട്ടുകച്ചവടമാണ്. ഇതിൽ മന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തമുണ്ടോയെന്ന് അന്വേഷിക്കണം.. ഉദ്യോഗസ്ഥന്മാരെ മാത്രം പഴി ചാരി ഉന്നതന്മാരെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നിൽ വൻ സ്രാവുകളുണ്ട്. ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നത് പരൽ മീനുകളാണ്.
ദേവസ്വം മന്ത്രിക്ക് ഇതിൽ ഉത്തരവാദിത്വമല്ലേ? ശബരിമല ഭണ്ഡാരത്തിൽ സൂക്ഷിച്ചിരുന്ന വില പിടിപ്പുള്ള സ്വർണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതൊന്നും താൻ അറിഞ്ഞില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞാൽ ആരു വിശ്വസിക്കും? കടകംപള്ളി സുരേന്ദ്രൻ മന്ത്രിയായിരുന്ന കാലത്താണ് ഈ അമ്പലത്തിലെ മുഴുവൻ വിളക്കും പാത്രങ്ങളും വിൽക്കാൻ നോക്കിയത്. അന്ന് പ്രതിപക്ഷ നേതാവായിരുന്നു താൻ ശക്തമായി എതിർത്തതു കൊണ്ടാണ് അത് വേണ്ടെന്ന് വച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.