സഖി വൺ സ്റ്റോപ്പ് സെന്ററിന് മുത്തൂറ്റ് ഫിനാൻസ് സഹായം

Saturday 11 October 2025 12:57 AM IST

കൊച്ചി: കാക്കനാട് സഖി വൺ സ്റ്റോപ് സെന്ററിലേക്ക് മുത്തൂറ്റ് ഫിനാൻസിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി(സി.എസ്.ആർ) പ്രവർത്തനങ്ങളുടെ ഭാഗമായി വീൽ ചെയറുകളും സ്‌ട്രെച്ചറുകളും കൈമാറി. എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, മുത്തൂറ്റ് ഫിനാൻസ് എറണാകുളം മേഖലാ മാനേജർ കെ.എസ്. വിനോദ്കുമാർ എന്നിവരിൽ നിന്ന് വിമൻ പ്രൊട്ടക്ഷൻ ഓഫീസർ എസ്. ജീജയും സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്‌ട്രേറ്റർ എ.എസ് ലിയയും ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ മൂത്തൂറ്റ് ഫിനാൻസിന്റെ കാക്കനാട് സെസ് ബ്രാഞ്ച് മാനേജർ യു.എസ്. രഞ്ജിത്ത് , കാക്കനാട് ബ്രാഞ്ച് മാനേജർ ആശ ശിവരാമൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം കണ്ടന്റ് മാനേജർ പി. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. കാക്കനാട് വൺ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനാണ് മുത്തൂറ്റ് ഫിനാൻസ് സി.എസ്.ആർ പദ്ധതിയിലൂടെ രണ്ട് വീൽചെയറുകൾ, ഒരു ഫോൾഡിംഗ് സ്‌ട്രെച്ചർ, ഒരു സ്‌ട്രെച്ചർ ട്രോളി എന്നിവ നൽകിയത്. മുത്തൂറ്റ് ഫിനാൻസിന്റെ സംഭാവന കാക്കനാട് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് പാർവതി ഗോപകുമാർ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള സർക്കാർ പിന്തുണയുള്ള സംരംഭമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് മെഡിക്കൽ സഹായം, പോലീസ് സഹായം, നിയമസഹായം, കൗൺസലിംഗ്, താൽക്കാലിക താമസ സ്ഥലം തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്നു.