ഈഴവർ വോട്ടുബാങ്കായി മാറണം : വെള്ളാപ്പള്ളി
തിരുവനന്തപുരം: ഈഴവൻ ഏതു രംഗത്ത് ഉയർന്നു വന്നാലും അവനെ ചവിട്ടിത്താഴ്‍ത്താനും നശിപ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും ,അതിനെ പ്രതിരോധിക്കാൻ സംഘടിത വോട്ടുബാങ്കായി മാറണമെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം നെയ്യാറ്റിൻകര,നേമം,പാറശാല,കുഴിത്തുറ യൂണിയനുകളിലെ ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിനെ തകർത്തതും വലിച്ചു താഴെയിറക്കിയതും സ്വന്തം പ്രസ്ഥാനമായ കോൺഗ്രസിലുള്ളവരായിരുന്നു .സി.കേശവനെ ജാതി പറഞ്ഞാണ് ആക്ഷേപിച്ചത്. ഗൗരിഅമ്മയെയും വി.എസ്.അച്യുതാനന്ദനെയും എന്തെല്ലാം പറഞ്ഞു. പിണറായി വിജയനെ ചെത്തുകാരന്റെ മകനെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. ഇപ്പോൾ ജനകീയ മന്ത്രിയായ വാസവൻ രാജിവയ്‌ക്കണമെന്നാണ് വി.ഡി. സതീശൻ ആവശ്യപ്പെടുന്നത്. ഇടതുപക്ഷം അധികാരത്തിൽ നിന്ന് മാറിയാൽ കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗായിരിക്കും. ശ്രീനാരായണീയനെന്നല്ല, ഈഴവനെന്നു അഭിമാനത്തോടെ പറയണം.സംഘടിത വോട്ടു ബാങ്കുകൾ രാഷ്ട്രീയാധികാരം നേടിയപ്പോൾ സംഘടിക്കാത്ത ഈഴവ സമുദായം അവിടെതന്നെ നിൽക്കുകയാണ്. മലപ്പുറത്ത് ഒരു കുടിപ്പള്ളിക്കൂടം പോലും ഈഴവനില്ല. കോടിക്കണക്കിന് രൂപ വിദ്യാഭ്യാസത്തിന് വേണ്ടി സർക്കാർ ചെലവഴിക്കുമ്പോൾ ഭൂരിപക്ഷവും മുസ്ലിം സമുദായത്തിനാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് 4,800 സ്‌കൂളുകൾ മുസ്ലിം സമുദായത്തിന് ലഭിച്ചപ്പോൾ ആ സമുദായത്തിലെ 63,000 പേർക്ക് ജോലി ലഭിക്കാനുള്ള അവസരമുണ്ടായി. കൃസ്‌ത്യൻ വിഭാഗത്തിന് 7972 സ്‌കൂളുകളാണുള്ളത്. അതിലൂടെ 1,19,000 ജോലിക്ക് അവസരമുണ്ട്. എന്നാൽ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഈഴവ സമുദായത്തിന് 380 സ്‌കൂളുകൾ മാത്രമാണുള്ളത്. ഇതിലൂടെ കേവലം 5550 പേർക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. ഈഴവ സമുദായത്തിന് കിട്ടുന്നത് തൊഴിലുറപ്പ് ജോലി മാത്രമാണ്. ഇത്തരം അസമത്വം ചൂണ്ടിക്കാണിക്കുമ്പോൾ ജാതി പറയുന്നുവെന്നാണ് ചിലർ ആക്ഷേപിക്കുന്നത്. സാമൂഹിക, സാമ്പത്തിക സർവേ നടത്തിയാൽ ഈഴവർ എവിടെ നിൽക്കുന്നുവെന്ന് തിരിച്ചറിയാം.സാമൂഹ്യനീതിക്ക് വേണ്ടി ഒരു നിവർത്തന പ്രക്ഷോഭം കൂടി വേണ്ടിവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. കോ -ഓർഡിനേറ്ററും പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാർ, നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ,നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ, സെക്രട്ടറി മേലാംകോട് വി. സുധാകരൻ,പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്. ഊരമ്പ് എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്‌കുമാർ സ്വാഗതവും കുഴിത്തുറ യൂണിയൻ കൺവീനർ ഹിന്ദുസ്ഥാൻ ബി.മണികണ്ഠൻ നന്ദിയും പറഞ്ഞു.