മുഖ്യമന്ത്രിയുടെ സിദ്ധാന്തം കള്ളന്മാരെ രക്ഷിക്കാൻ: ഷിബു

Saturday 11 October 2025 1:58 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിഷയം പുറത്തു വന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുന്നത് സ്വർണ്ണം മോഷ്ടിച്ചവരെ സംരക്ഷിക്കാനാണെന്ന് ആർ .എസ്. പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു.

മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് മോഷണത്തിന് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2019 ലെ വിവാദ സ്വർണ്ണം പൂശലിൽ സ്വമേധയാ കേസെടുത്തത് ഹൈക്കോടതിയാണെന്ന് പിണറായി വിജയന് അറിയാത്തതല്ല. ദ്വാരപാലക ശിൽപ്പങ്ങൾ സ്‌പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ ക്ഷേത്രത്തിന് പുറത്തേക്ക് കൊടുത്തു

വിട്ടത് എന്തിനെന്നും, സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞത് എങ്ങനെയെന്നും ചോദിച്ചതും,

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതും ഹൈക്കോടതിയാണ്. വസ്തുതകൾ ഇതായിരിക്കയാണ് അജ്ഞാതമായ ഗൂഢാലോചന സംഘത്തെ സൃഷ്ടിച്ച് മുഖ്യമന്ത്രി പ്രതിരോധിക്കാൻ ഇറങ്ങിയിരിക്കുന്നത്.നിയമസഭ നടക്കുമ്പോൾ ധൃതിപ്പെട്ട് ഡൽഹിയിൽ അമിത്ഷായുടെ വസതിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയത് സി.ബി.ഐ സ്വർണ്ണപ്പാളി കേസ് ഏറ്റെടുക്കരുതെന്ന് ആവശ്യപ്പെടാനായിരുന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും

ഷിബു ബേബിജോൺ ആവശ്യപ്പെട്ടു.