കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടത് സംസ്ഥാനത്തിന്റെ ചുമതല: മുഖ്യമന്ത്രി

Saturday 11 October 2025 1:01 AM IST

ന്യൂഡൽഹി: കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനങ്ങൾ നേടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണെന്നും അതിനായി തുടർച്ചയായ സമ്മർദ്ദം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് പുനരധിവാസ പാക്കേജ്, എയിംസ് അടക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഉറപ്പു ലഭിച്ചോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുൻപ് നിരാശയുണ്ടായെങ്കിലും പ്രതീക്ഷയോടെ വീണ്ടും സമീപിക്കുകയാണ്. ആവശ്യങ്ങൾ വ്യക്തമാക്കുന്നതിൽ സംസ്ഥാന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പിഴവു വന്നുവെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ ഇതൊക്കെ എവിടെ നിന്ന് കിട്ടുന്ന വിവരങ്ങളാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. എല്ലാറ്റിനും കുറ്റം കാണാൻ ശ്രമിക്കരുത്. എല്ലാവരും കൂടി ചേർന്ന് ഉന്നയിച്ച ആവശ്യം അംഗീകരിക്കാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.