അനിശ്ചിതത്വമൊഴിയാതെ വിപണികൾ

Saturday 11 October 2025 12:02 AM IST

സ്വർണ വിലയിൽ ചാഞ്ചാട്ടം, ഓഹരികൾ മുന്നോട്ട്

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിലെ കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി വിദേശ നിക്ഷേപകർ തിരിച്ചെത്തിയതോടെ ഇന്ത്യൻ ഓഹരികൾ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറി. ഫാർമ്മ, ബാങ്കിംഗ് മേഖലകളിലെ കരുത്തിലാണ് ഇന്നലെ ഓഹരികൾ നേട്ടമുണ്ടാക്കിയത്. വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്‌ടത്തോടെ തുടങ്ങിയ സൂചികകൾ പിന്നീട് ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 329 പോയിന്റ് ഉയർന്ന് 82,501ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 103.55 പോയിന്റ് നേട്ടവുമായി 25,285.35ൽ അവസാനിച്ചു. എസ്.ബി.ഐ, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, എറ്റേണൽ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികൾ.

ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധന സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുകയാണ്. മൂന്ന് മാസങ്ങൾക്കിടെയിലെ ഏറ്റവും മികച്ച നേട്ടവുമായി കഴിഞ്ഞ വാരം മുഖ്യ സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. ലോകമൊട്ടാകെയുള്ള സാമ്പത്തിക മേഖലകൾ അതിരൂക്ഷമായ സാമ്പത്തിക അനിശ്ചിതത്വത്തിലൂടെ നീങ്ങുമ്പോഴും ഇന്ത്യ മികച്ച വളർച്ച നേടുമെന്നാണ് വിലയിരുത്തുന്നത്.

സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം

ആഗോള വിപണിയുടെ ചുവടു പിടിച്ച് ഇന്നലെ കേരളത്തിൽ സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടം ദൃശ്യമായി. പശ്ചിമേഷ്യയിലെ വെടിനിറുത്തലിനെ തുടർന്ന് 3,940 ഡോളറിലേക്ക് താഴ്ന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം 3,995 ഡോളറിലേക്ക് തിരിച്ചുകയറി. കേരളത്തിൽ ഇന്നലെ രാവിലെ പവൻ വില 1,360 രൂപ കുറഞ്ഞ് 89,680 രൂപയിലെത്തി. എന്നാൽ രാജ്യാന്തര വില തിരിച്ചുകയറിയതും രൂപയുടെ മൂല്യവർദ്ധനയും കണക്കിലെടുത്ത് ഉച്ച കഴിഞ്ഞ് പവന് 1,040 രൂപ ഉയർന്നു. വ്യാപാരാന്ത്യത്തിൽ പവൻ വില 90,720 രൂപയിലാണ്.

വിപണിക്ക് കരുത്തായി എസ്.ഐ.പികൾ

സെപ്തംബറിൽ സിസ്റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് സ്കീമുകളിലെ(എസ്.ഐ.പി) നിക്ഷേപം റെക്കാഡ് ഉയരത്തിലെത്തി. അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് കഴിഞ്ഞ മാസം എസ്.ഐ.പികളിലെ നിക്ഷേപം 4.2 ശതമാനം ഉയർന്ന് 29,461 കോടി രൂപയിലെത്തി ചരിത്രം സൃഷ്‌ടിച്ചു. ആഗോള വ്യാപാര അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച 24,000 കോടി രൂപയുടെ വിൽപ്പന സമ്മർദ്ദം അതിജീവിക്കാൻ ഇന്ത്യൻ വിപണിയെ സഹായിച്ചത് ചെറുകിട നിക്ഷേപകരുടെ പിന്തുണയാണ്.

കഴിഞ്ഞ വാരം വിദേശ ഫണ്ടുകളുടെ നിക്ഷേപം

2,000 കോടി രൂപ

രൂപയ്ക്ക് നേട്ടം

വിദേശ നിക്ഷേപകർ തിരിച്ചെത്തിയതോടെ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം പത്ത് പൈസയുടെ നേട്ടവുമായി 88.69ൽ അവസാനിച്ചു.