കസറട്ടെ, അസറുദ്ദീൻ

Friday 10 October 2025 11:07 PM IST

മുഹമ്മദ് അസറുദ്ദീൻ കേരളത്തിന്റെ രഞ്ജി ട്രോഫി ക്യാപ്ടൻ

സഞ്ജു സാംസണും സച്ചിൻ ബേബിയും ടീമിൽ , ബാബ അപരാജിത്ത് വൈസ് ക്യാപ്ടൻ

തിരുവനന്തപുരം : പുതിയ സീസൺ രഞ്ജി ട്രോഫിയിലെ ആദ്യമത്സരത്തിനുള്ള കേരള ടീമിനെ മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. അന്താരാഷ്ട്ര താരം സഞ്ജു സാംസണും കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തിച്ച് ചരിത്രം സൃഷ്ടിച്ച നായകൻ സച്ചിൻ ബേബിയും ടീമിലുണ്ട്. അന്യസംസ്ഥാന താരങ്ങളായ ബാബ അപരാജിത്തും അങ്കിത് ശർമ്മയും ടീമിലുണ്ട്.കഴിഞ്ഞ സീസണിലും കേരളത്തിനായി കളിച്ച ബാബ അപരാജിത്താണ് വൈസ് ക്യാപ്ടൻ. കഴിഞ്ഞ സീസണുകളിൽ കേരളത്തിനായി കളിച്ച ജലജ് സക്സേനയും ആദിത്യ സർവാതെയും ഇക്കുറി ഇല്ല. തിരുവനന്തപുരത്തുകാരനായ അഭിഷേക് പി നായറാണ് ടീമിലെ പുതുമുഖം.കഴിഞ്ഞ സീസണിൽ ടീമിനെ റണ്ണേഴ്സ് അപ്പാക്കിയ അമേയ് ഖുറാസ്യയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി-20 ടീമിൽ അംഗമായ സഞ്ജു സാംസൺ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യൻ ടീമിനാെപ്പം ചേരും. ഭാവിയിലേക്ക് നേതൃത്വനിരയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് സച്ചിൻ ബേബിയെ മാറ്റി അസ്ഹറുദ്ദീനെ നായകനാക്കിയത്. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ച അസറുദ്ദീൻ കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. കേരളത്തെ ഫൈനൽ വരെയെത്തിക്കുന്നതിൽ അസറിന്റെ പങ്ക് നിർണായകമായിരുന്നു.

സഞ്ജു, അസർ, സച്ചിൻ ബേബി എന്നിവർക്കൊപ്പം യുവതാരം അഹമ്മദ് ഇമ്രാൻ,രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ബാബ അപരാജിത്ത്, വത്സൽ ഗോവിന്ദ്, ഷോൺ റോജർ എന്നിവരടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇത്തവണത്തേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്. പരിചയസമ്പന്നരായ ബേസിൽ തമ്പിക്കും കെ.എം ആസിഫിനും അവസരം ലഭിച്ചില്ല.

ആദ്യ മത്സരം 15ന്

ഈ സീസണിൽ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളം. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, , കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഈ മാസം 15ന് മഹാരാഷ്ട്രയുമായി തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

കേരള ടീം - മുഹമ്മദ് അസറുദ്ദീൻ (ക്യാപ്ടൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ, രോഹൻ.എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം.ഡി, ബേസിൽ എൻ.പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.

ഒഫീഷ്യൽസ്അമയ് ഖുറേസിയ ( ഹെഡ് കോച്ച്),നസീർ മച്ചാൻ (ടീം മാനേജർ ), ഡേവിസ് .ജെ.മണവാളൻ ( കോച്ച്), വൈശാഖ് കൃഷ്ണ (സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്), ഉണ്ണികൃഷ്ണൻ ആർ.എസ് ( ഫിസിയോതെറാപ്പിസ്റ്റ്), ഗിരീഷ് ഇ.കെ ( ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്), ദീപേഷ് ശർമ്മ ( ത്രോ ഡൗൺ സ്പെഷ്യലിസ്റ്റ്), വിജയ് ശ്രീനിവാസൻ പി.എസ് ( പെർഫോമൻസ് അനലിസ്റ്റ്), കിരൺ എ.എസ് ( ടീം മാഷ്വർ).

സച്ചിൻ ബേബിയുടെ പരിചയസമ്പത്ത് ടീമിന് അനിവാര്യമാണ്. ക്യാപ്ടനെന്ന നിലയിലെ സമ്മർദ്ദം ഒഴിവാക്കി സച്ചിന് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യുവതലമുറയെ നേതൃത്വത്തിലേക്ക് എത്തിക്കാനുമായാണ് നായകനായി അസ്ഹറുദ്ദീനെ തിരഞ്ഞെടുത്തത്. കോച്ച് അമേയ് ഖുറാസ്യ പരിശീലനക്യാമ്പിൽ നിന്ന് കണ്ടെത്തിയ പ്രതിഭയാണ് ഇടംകയ്യൻ ബാറ്ററും മീഡിയം പേസറുമായ പുതുമുഖം അഭിഷേക് പി.നായർ. യുവത്വവും കരുത്തും ഒത്തിണങ്ങിയ ടീമാണിത്.

- പി പ്രശാന്ത് , സെലക്ഷൻ കമ്മറ്റി ചെയർമാൻ.