വനിതാ ലോകകപ്പ് ക്രിക്കറ്റ് : വ്യഴാഴ്ചയിലെ വീഴ്ച, ഞായറാഴ്ചയിലെ ചിന്താവിഷയം
വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിശാഖപട്ടണത്ത് വ്യാഴാഴ്ച നടന്ന മത്സരത്തിലെ തോൽവിയുടെ ഭാരവുമായാണ് നാളെ ഇതേവേദിയിൽ ഇന്ത്യൻ വനിതകൾ ഏകദിന ലോകകപ്പിലെ അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടാൻ ഇറങ്ങുന്നത്. നിലവിലെ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ ഇതുവരെ കഴിഞ്ഞ മൂന്നുമത്സരങ്ങളിൽ ഒന്നും തോൽക്കാത്തവരാണ്. ശ്രീലങ്കയുമായുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും അഞ്ചുപോയിന്റുമായി പട്ടികയിൽ ഒന്നാമത്. ഇന്ത്യ രണ്ട് ജയവും ഒരു തോൽവിയുമായി നാലുപോയിന്റ് നേടി മൂന്നാമത്. രണ്ട് കളികളിൽ നാലുപോയിന്റുമായി ഇംഗ്ളണ്ടാണ് ഇപ്പോൾ രണ്ടാമത്.
ദക്ഷിണാഫ്രിക്കയുമായി ജയിക്കാമായിരുന്ന കളി കൊണ്ടുകളഞ്ഞത് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് ആൾഔട്ടായപ്പോൾ 48.5 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തുകയായിരുന്നു. 81/5 എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക വിജയത്തിലെത്തിയത്. തുടക്കത്തിൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിഞ്ഞ ഇന്ത്യയ്ക്ക് 54 പന്തുകളിൽ പുറത്താകാതെ എട്ടുഫോറും അഞ്ചുസിക്സുമടിച്ച് 84 റൺസ് നേടിയ നാദീൻ ക്ളാർക്കും, 70 റൺസ് നേടിയ ക്യാപ്ടൻ ലോറ വോൾവാറ്റും, 49 റൺസ് നേടിയ കോൾ ട്രയോണും കാലുറപ്പിക്കുന്നത് നോക്കിനിൽക്കേണ്ടിവന്നു. നേരത്തേ 102/6 എന്ന നിലയിൽ പതറിയ ഇന്ത്യയെ 251 റൺസിലേക്ക് എത്തിച്ച റിച്ച ഘോഷിന്റെ പോരാട്ടത്തിന് സമാനമായിരുന്നു ദക്ഷിണാഫ്രിക്കക്കാരുടേത്. എട്ടാം നമ്പർ പൊസിഷനിൽ ബാറ്റിംഗിനിറങ്ങി 77 പന്തുകളിൽ 11 ഫോറുകളും നാലുസിക്സുകളുമടക്കം 94 റൺസ് നേടിയ റിച്ചയ്ക്കൊപ്പം എട്ടാം വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച സ്നേഹ് റാണയുടെ (33) ഇന്നിംഗ്സും ഇന്ത്യയ്ക്ക് കരുത്തായി.
ഓസീസിനെതിരെയും ബാറ്റിംഗിലും ബൗളിംഗിലും ഇതേ പ്രകടനം ആവർത്തിച്ചാൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ലോകകപ്പിന് മുന്നോടിയായി നടന്ന ഓസീസിനെതിരെ നടന്ന പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ പരമ്പരയിൽ സെഞ്ച്വറിയുമായി മികച്ച ഫോമിലായിരുന്ന സ്മൃതി മാന്ഥന ലോകകപ്പിൽ ഇതുവരെ ഫോമിലെത്താത്തതാണ് ബാറ്റിംഗിൽ ഇന്ത്യയുടെ തിരിച്ചടി.
നാളത്തേത് ഉൾപ്പടെ നാലുമത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. ഓസീസ്,ഇംഗ്ളണ്ട്, ബംഗ്ളാദേശ്,ന്യൂസിലാൻഡ് എന്നീ കരുത്തരെയാണ് ഇനി നേരിടേണ്ടത്.
പോയിന്റ് പട്ടികയിൽ ആദ്യ നാലുസ്ഥാനങ്ങളിലെത്തുന്നവർക്കാണ് സെമിഫൈനലിലേക്ക് പ്രവേശനം എന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ തോൽവി വഴങ്ങാതിരിക്കേണ്ടത് അനിവാര്യമാണ്.
ഹർമൻ പ്രീത്, സ്മൃതി മാന്ഥന, ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ്, അമൻജോത് കൗർ തുടങ്ങിയ മികച്ച താരങ്ങൾ മികച്ച ഫോമിലേക്ക് ഉയർന്നാൽ ആദ്യ ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് എത്തിപ്പിടിക്കാനാവാത്തതല്ല.