ഫെഡറേഷൻ കപ്പ് വോളി കേരളത്തിലേക്ക്
തൃശൂർ : ഒരു പതിറ്റാണ്ടിന് ശേഷം കേരളം ഫെഡറേഷൻ കപ്പ് വോളിബാളിന് വേദിയാകും. ജനുവരി അവസാനത്തോടെ തൃപ്രയാറിലെ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ അംഗീകാരം നൽകി. തീയതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ വർഷം പോണ്ടിച്ചേരിയിലായിരുന്നു ഫെഡറേഷൻ കപ്പ് .
2003ൽ തൃപ്രയാറിൽ ഫെഡറേഷൻ കപ്പ് നടന്നിരുന്നു. അടുത്ത് നടക്കാൻ പോകുന്ന ദേശീയ ലീഗ് ചാമ്പ്യൻഷിപ്പിൽ ആദ്യ എട്ട് സ്ഥാനത്തെത്തുന്ന പുരുഷ ടീമുകളും ആദ്യ നാലിലെത്തുന്ന വനിതാ ടീമുകളുമാണ് ഫെഡറേഷൻ കപ്പിൽ മത്സരിക്കുക. മുൻ എം.പി ടി.എൻ.പ്രതാപൻ ചെയർമാനും സി.ജി.അജിത്ത് കുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു കഴിഞ്ഞു. 1990 ഫെഡറേഷൻ കപ്പും 2001 ൽ സൂപ്പർ ലീഗും തൃപ്രയാർ ടി.എസ്.ജി.എ സംഘടിപ്പിച്ചിരുന്നു.
ഇതിന് മുമ്പ് 2014 ലാണ് കേരളം ഫെഡറേഷൻ കപ്പ് വോളിബാളിന് ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ കുറെക്കാലമായി സ്‌പോർട്‌സ് കൗൺസിലും വോളിബാൾ അസോസിയേഷനും തമ്മിലുള്ള ശീതസമരം മൂലം വർഷങ്ങളായി ഔദ്യോഗിക മത്സരങ്ങൾ നടത്താൻ കേരളത്തിനായിരുന്നില്ല. മേജർ ടൂർണമെന്റ് പോലും കുറഞ്ഞു. കഴിഞ്ഞ ദേശീയ ഗെയിംസ് മത്സരങ്ങൾക്കുള്ള ടകേരള ടീമിനെ അയക്കുന്നത് സംബന്ധിച്ച തർക്കം കോടതി കയറിയിരുന്നു. മുൻകാലങ്ങളിലും ഇതു തന്നെയായിരുന്നു സ്ഥിതി.