മെഡി.കോളേജിൽ 6 ദിവസം ഒ.പി ബഹിഷ്കരണം

Saturday 11 October 2025 12:19 AM IST

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്തുള്ള മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സമരം

ശക്തമാക്കുന്നു. ഈ മാസം 20 മുതൽ ആഴ്ചയിൽ ഒന്നുവീതം ആറ് ദിവസങ്ങളിൽ ഒ.പി ബഹിഷ്കരിക്കും. ഈ ദിവസങ്ങളിൽ അദ്ധ്യയനവും ബഹിഷ്കരിക്കും. 20, 28, അടുത്തമാസം 5,13,21, 29 എന്നീ തീയതികളിലാണ് പണിമുടക്കുന്നത്.കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ മൂന്നുമാസമായി പലതരത്തിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.

നിരന്തരമുള്ള സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചും ശമ്പളത്തിലെയും മറ്റ് ആനുകൂല്യങ്ങളിലെയും അപകാതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തോട് പ്രതികരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒ.പി ബഹിഷ്കരണത്തിലേക്ക് കടക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.റോസ്നാര ബീഗവും ജനറൽ സെക്രട്ടറി. ഡോ.സി.എസ്. അരവിന്ദും അറിയിച്ചു. മുന്നോടിയായി ഒരാഴ്ച ക്ലാസ് ബഹിഷ്കരിക്കും. തിങ്കളാഴ്ച മുതൽ എല്ലാ തിയറി ക്ലസുകളും ബഹിഷ്കരിക്കും. ചൊവ്വാഴ്ച ഹെൽത്ത് സമ്മിറ്റിലും പങ്കെടുക്കില്ല. എല്ലാ ഔദ്യോഗിക യോഗങ്ങളും ബഹിഷ്‌കരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

പുതിയ മെഡിക്കൽ കോളേജുകളിലേക്ക് താൽക്കാലിക സ്ഥലം മാറ്റം നടത്തി നാഷണൽ മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാതെ പുതിയ തസ്തികകൾ സൃഷ്ടിച്ച് പി.എസ്.സി നിയമനവും പ്രമോഷനും നടത്തുക,

പ്രവേശന തസ്തികയിലെ ശമ്പള പരിഷ്‌കരണ അപാകതകൾ പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക നൽകുക, ആശുപത്രി സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.