മാലിന്യക്കൂനയില്ലാത്ത മലപ്പുറം: വൃത്തിയാക്കിയ ഭൂമി മന്ത്രി എംബി രാജേഷ് നാടിന് സമർപ്പിക്കും

Friday 10 October 2025 11:28 PM IST

മലപ്പുറം: മലപ്പുറം നഗരസഭയിലെ പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ട് വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ഒക്ടോബർ 11ന് രാവിലെ 11ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ലോക ബാങ്കിന്റെയും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് മാലിന്യ കൂനകൾ നീക്കം ചെയ്തത്. അഞ്ച് ഏക്കർ ഭൂമിയിലെ മാലിന്യങ്ങളാണ് ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ശുദ്ധീകരിച്ചു ഭൂമി തിരികെ എടുത്തത്. സംസ്ഥാനത്തെ 20 നഗരഭരണ പ്രദേശങ്ങളിലാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇതിൽ ആദ്യം പൂർത്തിയാകുന്നത് മലപ്പുറത്താണ്.

നാലടി താഴ്ചയിൽ മാലിന്യങ്ങൾ കുഴിച്ചെടുത്തു വേർതിരിച്ച 10,800 മെട്രിക് ക്യൂബ് മാലിന്യമാണ് വിവിധ ഫാക്ടറികളിലേക്കും നിർമാണ മേഖലയിലേക്കും കയറ്റി അയച്ചത്. വർഷങ്ങളായി മലപ്പുറം നഗര പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളായിരുന്നു പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തള്ളിയിരുന്നത്. ഈ മാലിന്യങ്ങളെ കമ്പി, മണൽ, കല്ല് തുടങ്ങിയ വിവിധ ഇനങ്ങളായി വേർതിരിച്ചാണ് ബയോമൈനിംഗ് പദ്ധതി പൂർത്തീകരിച്ചത്. തിരിച്ചെടുത്ത ഭൂമിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കൺവെൻഷൻ സെന്റർ, കോർട്ട്, ടർഫ് ഗ്രൗണ്ട്, പാർക്ക്, ഓപ്പൺ ജിം ഉൾപ്പെടെ സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി. പുളിയേറ്റുമ്മൽ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ നടക്കുന്ന പ്രഖ്യാപന ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.എൽമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി. ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, കെ.എസ്.ഡബ്ല്യു.എം.പി സംസ്ഥാന ഡയറക്ടർ ദിവ്യ.എസ്.അയ്യർ, ജില്ലാ കളക്ടർ വി.ആർ.വിനോദ്, നഗരസഭ ചെയർമാൻ മുജീബ് കാടേരി പങ്കെടുക്കും.