സ്റ്റാലിന്റെ ശവകുടീരം സന്ദർശിച്ചപ്പോൾ അവിടെ കണ്ട കാഴ്ച അദ്ഭുതപ്പെടുത്തി, റഷ്യയിലെ അനുഭവത്തെ കുറിച്ച് ഷിബു ബേബിജോൺ
ആർ എസ് പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബിജോൺ നല്ലൊരു സഞ്ചാരി കൂടിയാണ്. ഇതുവരെ 53 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. തന്റെ യാത്രാനുഭവങ്ങൾ കൗമുദി ടിവിയിലെ സ്ട്രെയ്റ്റ് ലൈൻ എന്ന അഭിമുഖ പരിപാടിയിലൂടെ പ്രേക്ഷകരുമായി ഷിബു ബേബിജോൺ പങ്കുവച്ചു.
അദ്ദേഹം ഏറ്റവും ഒടുവിൽ പോയത് പഴത കമ്മ്യൂണിസ്റ്റ് രാജ്യമായ യൂഗോസ്ലോവിയയിൽ പെട്ട സെർബിയ, മോണ്ടിനീഗ്രോ, ബോസ്നിയ എന്നീ രാജ്യങ്ങളും അൽബേനിയയുമാണ്. ഓരോ രാജ്യങ്ങളിൽ പോകുമ്പോഴും പഴയ കാര്യങ്ങൾ ചോദിക്കുന്ന പതിവ് ഷിബു ബേബിജോണിനുമുണ്ട്. അത്തരത്തിൽ യൂഗോസ്ലോവിയയിൽ പോയപ്പോഴും അക്കാര്യം ആവർത്തിച്ചു. മൂന്നായി ചിന്നിച്ചിതറിയ രാജ്യങ്ങളിലെ മൂന്നു ഗൈഡുമാരും ഏകസ്വരത്തിൽ പറഞ്ഞത് പഴയ കമ്മ്യൂണിസ്റ്റ് ഭരണം നല്ലതാണെന്നായിരുന്നു. അതൊരു വ്യത്യസ്ത അനുഭവമായിരുന്നെന്ന് ഷിബു ബേബിജോൺ പറഞ്ഞു. റഷ്യയിലും ജോർജിയയിലും വിയറ്റ്നാമിലും ഈ ചോദ്യം ചോദിച്ചെങ്കിലും കമ്മ്യൂണിസ്റ്ര് ഭരണം നല്ലതാണെന്ന് പറഞ്ഞ ഏകരാജ്യം യൂഗോസ്ലോവിയ ആയിരുന്നെന്നും ഷിബു കൂട്ടിച്ചേർത്തു. അതിനുള്ള കാരണങ്ങളും ഗൈഡുമാർ വിശദീകരിച്ചിരുന്നു, അന്ന് ഞങ്ങൾക്ക് തൊഴിലുണ്ടായിരുന്നു, ന്യായമായ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ കിട്ടുമായിരുന്നു, ചെറുതെങ്കിലും എല്ലാവർക്കും വീടുണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
റഷ്യയിൽ പോയപ്പോയുണ്ടായ മറ്റൊരു അനുഭവവും അദ്ദേഹം ഓർമ്മിച്ചു. ക്രെംലിനിൽ പഴ കമ്മ്യൂണിസ്റ്റു നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിച്ചപ്പോഴായിരുന്നു അത്. കമ്മ്യൂണിസം തകർക്കാൻ ഇടയാക്കിയ ശത്രു, എന്ന മാനസികാവസ്ഥയോടെ സ്റ്റാലിന്റെ ശവകുടീരവും സന്ദർശിച്ചിരുന്നുവെന്ന് ഷിബു ബേബിജോൺ പറയുന്നു. എന്നാൽ അന്ന് രാവിലെ ആരോ അവിടെ ഒരു പുഷ്പം അർപ്പിച്ചിരുന്നത് അദ്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.