ആഡംബര ബൈക്കുകൾക്ക് പിതാവിനെ ആക്രമിച്ചു
തിരുവനന്തപുരം : വഞ്ചിയൂരിൽ ആഡംബര ബൈക്കുകൾ വാങ്ങാൻ 50 ലക്ഷം ആവശ്യപ്പെട്ട് മകന്റെ ആക്രമണം. സഹികെട്ട് അച്‌ഛൻ കമ്പിപ്പാര ഉപയോഗിച്ച് നടത്തിയ പ്രത്യാക്രമണത്തിൽ മകന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകന്റെ നില അതിവഗുരുതരം.
വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്കിനാണ് (28) പരിക്കേറ്റത്. പിതാവ് വിനയാനന്ദിനെതിരെ വഞ്ചിയൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
അച്‌ഛനെയും അമ്മയെയും ഹൃദ്ദിക്ക് ആക്രമിക്കുന്നത് പതിവായിരുന്നു. അയൽക്കാരും ഇത് സമ്മതിക്കുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായി പൊലീസ് പറയുന്നു. ഓൺലൈനായി എം.ബി.എയ്ക്ക് പഠിക്കുകയാണ് ഹൃദ്ദിക്ക്.
12 ലക്ഷത്തിന്റെ
ബൈക്കുണ്ട്, എന്നിട്ടും
12 ലക്ഷം രൂപയുടെ നിഞ്ജ മോഡൽ ബൈക്ക് അടുത്തിടെ ഹൃദ്ദിക്കിന്റെ പിടിവാശിയെ തുടർന്ന് വീട്ടുകാർ ലോണെടുത്ത് വാങ്ങി നൽകി. എന്നാൽ 21ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് വാശി പിടിച്ചത് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഹൃദ്ദിക്കാണ് ആദ്യം വിനയാനന്ദിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു. കമ്പിപ്പാര ഉപയോഗിച്ച് അച്ഛന്റെ അടിയേറ്റ ഹൃദ്ദിക്ക് നിലത്ത് ബോധമറ്റ് വീണു. തുടർന്ന് വിനായന്ദൻ തന്നെ ഹൃദ്ദിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷപെടുകയായിരുന്നു.
കുന്നുപുറത്ത് കഫ്റ്റീരിയ നടത്തുകയാണ് വിനായനന്ദ്. ഹൃദ്ദിക്കിന്റെ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.