തദ്ദേശ ഫണ്ട് വിനിയോഗം: ജില്ല ആറാമത്
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തിൽ ജില്ല പിന്നിൽ. സംസ്ഥാന അടിസ്ഥാനത്തിൽ ആറാം സ്ഥാനത്താണ് ജില്ല. ആകെ വിഹിതത്തിന്റെ 17.95ശതമാനം മാത്രമാണ് ചെലവഴിച്ചത്. കൊല്ലം ജില്ല 20.93 ശതമാനവുമായി മുന്നിലെത്തി.
ജില്ലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചിരിക്കുന്നത് ഇലന്തൂർ ബ്ളോക്ക് പഞ്ചായത്താണ്, 31.75 ശതമാനം. ഏറത്ത് ഗ്രാമ പഞ്ചായത്താണ് രണ്ടാമത്. തിരുവല്ല നഗരസഭ 6.63 ശതമാനവുമായി ഏറ്റവും പിന്നിലായി. ജില്ലാ പഞ്ചായത്ത് 13.56 ശതമാനം തുകയാണ് വിനിയോഗിച്ചിരിക്കുന്നത്. നഗരസഭകളിൽ പത്തനംതിട്ടയാണ് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ചിരിക്കുന്നത്, 21.26 ശതമാനം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ട് വിനയോഗിക്കാൻ ഇനി അവസരമുണ്ടാകില്ല. നവംബർ , ഡിസംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. പദ്ധതി അംഗീകരിക്കുന്നതിലും വിഹിതം ലഭിക്കുന്നതിലുമുണ്ടായ കാലതാമസമാണ് ഫണ്ട് വിനിയോഗത്തിൽ ജില്ല പിന്നിൽ പോകാൻ കാരണമായി പറയുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് കാലത്തെല്ലാം ഇതാണ് സ്ഥിതിയെന്ന് തദ്ദേശ സ്ഥാപനങ്ങൾ പറയുന്നു.
@ പദ്ധതി വിനിയോഗത്തിൽ മുന്നിൽ
# ഇലന്തൂർ ബ്ളോക്ക് പഞ്ചായത്ത് 31.75
# ഏറത്ത് ഗ്രാമപഞ്ചായത്ത് 31.23
# ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 30.22
# കടമ്പനാട് ഗ്രാമപഞ്ചായത്ത് 29.91
# റാന്നി ഗ്രാമപഞ്ചായത്ത് 28.49
@ നഗരസഭകൾ
# പത്തനംതിട്ട 21.26
# അടൂർ 14. 56
# പന്തളം 11.22
# തിരുവല്ല 6.63
@ ജില്ലയിൽ ആകെ 66 തദ്ദേശ സ്ഥാപനങ്ങൾ