സർക്കാർ ആശുപത്രികളിൽ പൊലീസില്ല, സുരക്ഷയില്ല
പത്തനംതിട്ട : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പൊലീസ് സുരക്ഷയില്ല. വനിതാഹൗസ് സർജൻമാർ അടക്കം ജോലി ചെയ്യുന്ന ആശുപത്രികളിൽ രാത്രിയിൽ അപകടത്തിൽപ്പെട്ടും മദ്യപിച്ചും എത്തുന്നവരും ഡോക്ടർമാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും പതിവാണ്. ആശുപത്രി കവാടങ്ങളിൽ സ്വകാര്യ ഏജൻസികൾ നിയമിച്ചിട്ടുള്ള സെക്യുരിറ്റി ജീവനക്കാർ സംഘർഷ സമയങ്ങളിൽ മാറിനിൽക്കുകയാണ് പതിവ്. 2023 ലെ വന്ദനാ ദാസിന്റെ സംഭവത്തിന് ശേഷം കുറച്ചുനാൾ ആശുപത്രി കാവലിനായി ജനറൽ , ജില്ലാ ആശുപത്രികളിൽ ഒരു പൊലീസിനെ അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് സംരക്ഷണത്തിനായുള്ള പൊലീസിന്റെ സാന്നിദ്ധ്യം ആശുപത്രികളിൽ നിന്ന് അപ്രത്യക്ഷമായി. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് പകലും രാത്രിയും ഡോക്ടർമാർ ചികിത്സ നടത്തുന്നത്. മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിൽ ഗർഭിണിയായ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ നിർമ്മാണം നടക്കുന്നതിനാൽ മിക്കപ്പോഴും രോഗികളെ കോട്ടയം - കോന്നി മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാറുണ്ട്. ഇതേച്ചൊല്ലി നിരന്തരം ആശുപത്രിയിൽ വാക്കുതർക്കമുണ്ടാകുന്നുണ്ട്. അടിയന്തര പരിഹാരം വേണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ആവശ്യം
കെ.ജി.എം.ഒ.എയുടെ നിർദേശങ്ങൾ
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം
അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം
പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കണം
മേജർ ആശുപത്രികളിലെ സുരക്ഷയ്ക്കായി എസ്.ഐ.എസ്.എഫിനെ നിയോഗിക്കണം
എല്ലാ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കണം
സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണം