 വനംവകുപ്പിലെ അഴിമതി പിടിമുറുക്കി വിജിലൻസ്; ഉന്നത ഉദ്യോഗസ്ഥരും സംശയനിഴലിൽ

Saturday 11 October 2025 12:00 AM IST

തിരുവനന്തപുരം: വനംവകുപ്പ് നിർമ്മാണങ്ങളിലെ അഴിമതിയിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ. ഓപ്പറേഷൻ ജംഗിൾ സഫാരി, വനരക്ഷ എന്നീ പേരുകളിൽ 71 ഫോറസ്റ്റ് ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കരാറുകാരിൽ നിന്ന് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് 1.07 കോടിയുടെ അനധികൃത പണമിടപാട് നടത്തിയ രേഖകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. കരാറുൾപ്പെടെ അഞ്ചുവർഷത്തെ ഇടപാടുകൾ നേരിട്ട് പരിശോധിക്കും.

ആനക്കിടങ്ങുകൾ, ആന മതിൽ, സോളാ‌ർ ഫെൻസിംഗ് തുടങ്ങി, മറ്റു കെട്ടിടങ്ങളുടെ നിർമ്മാണത്തിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. മിക്ക പ്രവൃത്തികളും എസ്റ്റിമേറ്റ് പ്രകാരമല്ലെന്നും നിർമ്മാണത്തിന് ഗുണനിലവാരമില്ലെന്നും വ്യക്തമായിട്ടുണ്ട്.

 പരാതികൾ വനം വിജിലൻസ് മുക്കി

വള്ളക്കടവ് റേഞ്ച് ഓഫീസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് 72 ലക്ഷവും അദ്ദേഹം നിർദ്ദേശിച്ച മറ്റൊരു സ്ഥാപനത്തിന്റ അക്കൗണ്ടിലേക്ക് 1.36 ലക്ഷം രൂപയും കരാറുകാരൻ നിക്ഷേപിച്ചിട്ടുണ്ട്. തേക്കടി റേഞ്ച് ഓഫീസർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് 31 ലക്ഷം രൂപ നൽകിയതും വിജിലൻസ് കണ്ടെത്തി. സംഭവങ്ങളിൽ റേഞ്ച് ഓഫീസർമാരായ കെ.ഇ.സിബി, അരുൺ കെ.നായർ എന്നിവരെ വനംമേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ക്രമക്കേടുകൾക്കെതിരെ വനം വിജിലൻസിന് നിരവധി പരാതികൾ നൽകിയെങ്കിലും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം മുക്കിയെന്ന് ജീവനക്കാർ ആരോപിക്കുന്നു.

ഉപകരാറെടുത്തത് ബിനാമികൾ?​

പൊതുമേഖല സ്ഥാപനമായ സിൽക്ക് അടക്കമുള്ളവയുടെ പേരിലാണ് കരാറുകളെടുക്കുന്നത്. എന്നാൽ ടെൻഡർ തുകയുടെ 25- 30 ശതമാനം കുറച്ച് ഉപകരാർ നൽകിയാണ് പ്രവൃത്തികൾ ചെയ്യുന്നത്. വനം ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമികൾ ഉപ കരാറെടുത്തശേഷം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചെന്നും ബില്ല് പൂർണമായി എഴുതിയെടുത്തെന്നും കണ്ടെത്തിയിട്ടുണ്ട്.