വിദേശത്തു നിന്ന് ആയുധം പൊലീസ് നേരിട്ട് വാങ്ങേണ്ട പർച്ചേസ് കേന്ദ്രം വഴി മതി
തിരുവനന്തപുരം: വിദേശത്തു നിന്ന് പിസ്റ്റളുകളും റിവോൾവറുകളുമടക്കം ആയുധങ്ങൾ പൊലീസ് നേരിട്ട് വാങ്ങേണ്ടെന്നും കേന്ദ്രം വഴിയുള്ള പർച്ചേസ് മതിയെന്നും സർക്കാർ. ആയുധങ്ങളും വെടിക്കോപ്പുകളും വിദേശ വിതരണക്കാരിൽ നിന്ന് നേരിട്ട് സംഭരിക്കാൻ പൊലീസ് മേധാവിക്ക് അനുമതി നൽകണമെന്ന ജസ്റ്രിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ അഭിപ്രായം സർക്കാർ തള്ളി. പൊലീസിൽ പർച്ചേസ് മാനദണ്ഡമുണ്ടാക്കാൻ നിയോഗിച്ച കമ്മിഷനാണിത്. കമ്മിഷൻ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് നിയമസഭയിൽ വച്ചു.
ഓർഡനൻസ് ഫാക്ടറി ബോർഡിൽ നിന്നോ സി.ആർ.പി.എഫ്, ഐ.ടി.ബി.പി, ബി.എസ്.എഫ് തുടങ്ങിയ കേന്ദ്ര ഏജൻസികളുമായുള്ള ഏകോപനത്തിലൂടെയോ മാത്രമേ വിദേശത്തു നിന്ന് ആയുധങ്ങൾ വാങ്ങാനാവൂ. ഇത് തുടരാനാണ് തീരുമാനം. ആയുധ പർച്ചേസിൽ പൊലീസിന് പരിമിതമായ അധികാരമേയുള്ളൂ. വിദേശത്തു നിന്ന് ആയുധങ്ങൾ വാങ്ങാൻ പൊലീസ് മേധാവിയുടെ സാമ്പത്തിക അധികാരങ്ങൾക്കുള്ള നിയന്ത്രണം നീക്കാനുള്ള കമ്മിഷൻ ശുപാർശയും അംഗീകരിച്ചില്ല.
ഫർണിച്ചറുകൾ റബ്കോ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങണമെന്ന വ്യവസ്ഥയൊഴിവാക്കാനുള്ള ശുപാർശയും തള്ളി. വാഹനങ്ങൾ വാങ്ങുന്നതിന് പൊലീസ് മേധാവിക്കുള്ള സാമ്പത്തിക നിയന്ത്രണമൊഴിവാക്കാനുള്ള ശുപാർശയും അംഗീകരിച്ചില്ല.
അടിയന്തര പർച്ചേസിന്
ടെൻഡർ വേണ്ട
1. അടിയന്തര സാഹചര്യങ്ങളിൽ ടെൻഡറില്ലാതെ പർച്ചേസ് നടത്താൻ പൊലീസ് മേധാവിക്ക് അനുവാദം നൽകണമെന്ന ശുപാർശ അംഗീകരിച്ചു. ഒരു സാമ്പത്തിക വർഷം ഇത്തരം പർച്ചേസ് 50 ലക്ഷത്തിൽ കവിയരുതെന്ന വ്യവസ്ഥയോടെയാണിത്. പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ലഭ്യമാക്കാനുള്ള സമയപരിധി മൂന്നു മാസത്തിൽ നിന്ന് ആറാക്കണമെന്ന ശുപാർശ അംഗീകരിച്ചില്ല.
2. ഹൈടെക് ഉപകരണങ്ങളുടെ പർച്ചേസ്, ഉപയോഗം, അറ്റകുറ്റപ്പണി, സേവനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിന് സാങ്കേതിക യോഗ്യതയുള്ളവരുടെ സമിതി രൂപീകരിക്കാനുള്ള ശുപാർശ അംഗീകരിച്ചു. സുരക്ഷാ ഉപകരണങ്ങളുടെ പർച്ചേസിന് ഓപ്പൺ ടെൻഡറൊഴിവാക്കി സിംഗിൾ ടെൻഡറാവാം
സൈബർ ഉപകരണം
നേരിട്ട് വാങ്ങാം
സൈബർ സുരക്ഷാ ഉപകരണങ്ങൾ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാം. പിടിച്ചെടുക്കുന്ന വാഹനങ്ങൾ വിട്ടുകൊടുക്കുന്നതിനടക്കം നിയമനിർമ്മാണത്തിനുള്ള ശുപാർശ തള്ളി.