വിപണി ഇടപെടൽ ഫലപ്രദം: ധനമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഫലമായി വിലക്കയറ്റ നിരക്ക് കുറഞ്ഞുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഭക്ഷ്യവകുപ്പിന്റെ 'വിഷൻ 2031' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2011ൽ പണപ്പെരുപ്പ ഇൻഡക്സ് 10 ശതമാനം കടന്നിരുന്നു. 2013ൽ 14 ശതമാനം കടന്നു. 2016ൽ പണപ്പെരുപ്പ ഇൻഡക്സ് 5ശതമാനത്തിലെത്തി. 2024ൽ 4.4മാണ് രേഖപ്പെടുത്തിയത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ ഇടപെടൽ വിജയകരമായി നടപ്പാക്കാമെന്നതിന്റെ ഉദാഹരണമായിരുന്നു ഇത്തവണത്തെ ഓണക്കാലം. കേന്ദ്രത്തിന്റെ ഒരുവിധ സഹായവും ഉണ്ടായില്ല. ഓപ്പൺ മാർക്കറ്റിൽനിന്ന് അരി ശേഖരിച്ച് റേഷൻ കാർഡ് ഉടമകൾക്ക് കൂടുതൽ അരി ലഭ്യമാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്.
മുട്ടയുടെയും പാലിന്റെയും ഇറച്ചിയുടെയും മീനിന്റെയും ഉത്പാദനം കൂടുതൽ വർദ്ധിപ്പിക്കണം. സ്വയംപര്യാപ്ത ലക്ഷ്യങ്ങൾ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അവയിലേക്ക് എത്തിച്ചേരാൻ ആവുന്നില്ല. ആ മേഖലയിൽ കൂടുതൽ പരിശ്രമങ്ങൾ ആവശ്യമാണ്.
മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയായി. ഭക്ഷ്യവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ.ഹരിലാൽ, ഐ.ഐ.ടി ഡൽഹി പ്രൊഫസർ ഋതിക എസ്.ഖേര, ആസൂത്രണ ബോർഡംഗം രവി രാമൻ, ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, സപ്ലൈകോ എം.ഡി ജയകൃഷ്ണൻ, ലീഗൽ മെട്രോളജി കൺട്രോളർ ജെ.കിഷോർ കുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ.കെ, റേഷനിംഗ് കൺട്രോളർ ജ്യോതികൃഷ്ണ.ബി തുടങ്ങിയവർ പങ്കെടുത്തു.
പോഷകാഹാര ഭദ്രതയിലേക്ക് മാറും:മന്ത്രി
തിരുവനന്തപുരം:സംസ്ഥാനം എഴുപത്തഞ്ചാം വയസിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി ആർ അനിൽ.ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച വിഷൻ 2031സെമിനാറിൽ വകുപ്പിന്റെ ഭാവി വികസനരേഖ അവതരിക്കുകയായിരുന്നു അദ്ദേഹം.വിവിധ പ്രായവിഭാഗങ്ങളുടെ പ്രത്യേക ഭക്ഷണ ആവശ്യകതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പോഷകസമൃദ്ധമാക്കുക.'ഭക്ഷണം അവകാശമാണ് ' എന്നതിൽ നിന്ന് 'പോഷകാഹാരം അവകാശമാണ് ' എന്ന തലത്തിലേക്ക് പദ്ധതിയെ ഉയർത്തുക എന്നതാണ് വകുപ്പിന്റെ വിഷൻ 2031 ഭാവി വികസന പദ്ധതികൾ.'പാകം ചെയ്ത ഭക്ഷണം' ആവശ്യമെങ്കിൽ അർഹരായവരെ കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തിൽ സുഭിക്ഷാ ഹോട്ടലുകൾ വിപുലീകരിക്കും.നിരവധി കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്ന കൂട്ടടുക്കളകൾ സ്ഥാപിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുമെന്നും മന്ത്രി പറഞ്ഞു.