മലയാളികള്‍ക്ക് പ്രിയം തമിഴ്‌നാട്ടില്‍ നിന്നുള്ളതിനോട്; വഴിയോരത്ത് സാധനം കിട്ടുന്നത് കുറഞ്ഞ വിലയ്ക്ക്
കിളിമാനൂര്‍: റോഡിലേക്കിറങ്ങിയാല്‍ പാതയോരത്ത് പച്ചയും പഴുത്തതുമായ ഏത്തക്കുലയേ ഉള്ളൂ.അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏത്തക്കുല വരവ് കൂടിയതോടെ നാടന്‍ കര്‍ഷകര്‍ക്ക് പറയാനുള്ളത് നഷ്ടക്കഥകള്‍ മാത്രമാണ്.വിളവെടുത്ത കുലകള്‍ സംഭരിക്കാന്‍ ആളില്ലാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി.
കൃഷി നടക്കുന്നത്
ഏത്തവാഴ കൂടുതലായി കൃഷി ചെയ്യുന്നത് കല്ലറ,കാരേറ്റ്,കിളിമാനൂര്‍,പാങ്ങോട്,വെമ്പായം,അടയമണ്‍,മുതുവിള,വെഞ്ഞാറമൂട് പ്രദേശങ്ങളിലാണ്.അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്കെത്തുന്ന കുലകള്‍ വാങ്ങാനാണ് കച്ചവടക്കാര്‍ക്ക് താത്പര്യം. വയനാടന്‍ കുലകള്‍ക്ക് കിലോയ്ക്ക് 15 രൂപയും തമിഴ്നാടന് 10 രൂപയില്‍ താഴെയുമാണ് വില.കര്‍ഷകര്‍ക്ക് ഏക ആശ്രയം പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങളായിരുന്നു. ഇവ കൃഷിഭവന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
വയനാടന്‍ കുലകള്‍ക്ക് കിലോയ്ക്ക് -15 രൂപ
തൊഴിലാളികളുടെ കൂലി - 750- 1000
തുടരുന്ന പ്രതിസന്ധി
നിരവധി ഏത്തക്കുലകളാണ് വിളവെടുക്കാനായുള്ളത്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.റബര്‍ വിലയിടിഞ്ഞതോടെ നിരവധി കര്‍ഷകരാണ് വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. വിത്തും വളവും വിലയ്ക്ക് വാങ്ങിയാണ് കൃഷി. വാഴവിത്തിന് ഇപ്പോള്‍ എല്ലാ ഇനങ്ങള്‍ക്കും 20,25 രൂപയാണ്. 750 രൂപ മുതല്‍ 1000 രൂപയാണ് തൊഴിലാളികള്‍ക്ക് കൂലി.
കൃഷിച്ചെലവ് കണക്കാക്കിയാല്‍ ഭാരിച്ച നഷ്ടമാണ്.കച്ചവടക്കാരന്‍ പറയുന്ന വിലയ്ക്ക് കൊടുക്കാനേ സാധിക്കൂ. പാട്ടത്തിന് കൃഷി ചെയ്തിരുന്നവരെല്ലാം പിന്‍വലിഞ്ഞു. വളത്തിന്റെ വിലവര്‍ദ്ധനവും പൊട്ടാഷിനടക്കം വില ഉയര്‍ന്നതും സാരമായി ബാധിച്ചിട്ടുണ്ട്.
ആവശ്യപ്പെടുന്നത്
കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ വഴിയുള്ള സംഭരണം മുടങ്ങിയതോടെ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രഭാതഭക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി വിദ്യാലയങ്ങളിലും അങ്കണവാടികളിലും നാടന്‍ ഏത്തപ്പഴം പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാമെന്നും കര്‍ഷകര്‍ പറയുന്നു.