പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് സംഘർഷം,​ പൊലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിലിന്റെ മൂക്ക് തകർന്നു

Saturday 11 October 2025 1:35 AM IST

കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് പ്രകടനം മുഖാമുഖം വന്നതിനെ തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന് ഗുരുതര പരിക്ക്. മൂക്കിലെ രണ്ട് എല്ലുകൾ തകർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയ്‌ക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരടക്കം 10 യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്രു.

പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ ചില പൊലീസുകാർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം പേരാമ്പ്ര സി.കെ.ജി കോളേജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യു.ഡി.എസ്.എഫിന്റെ ആഹ്ളാദ പ്രകടനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ആഹ്ളാദ പ്രകടനം പൊലീസ് തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായി. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്നലെ നടത്തിയ ഹർത്താലിനിടെ എൽ.ഡി.എഫ് ഭരിക്കുന്ന പേരാമ്പ്ര പഞ്ചായത്ത് ഓഫീസ് അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ കൈയേറ്റം ചെയ്‌തുവെന്നാരോപിച്ച് എൽ.ഡി.എഫും പ്രകടനവുമായെത്തി. ഇരുകൂട്ടരും പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് മുഖാമുഖം എത്തിയതോടെ പൊലീസ് ഇടപെട്ടു. പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. പൊലീസ് ഏകപക്ഷീയമായി യു.ഡി.എഫ് പ്രവർത്തകർക്കു നേരെ ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധിച്ചു. ആലപ്പുഴയിലെ ദേശീയപാത പ്രവർത്തകർ ഉപരോധിച്ചു. ഇതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തലസ്ഥാനത്ത് പൊലീസ് ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കോഴിക്കോട്ടും തൃശൂരിലും കണ്ണൂരിലും പാലക്കാട്ടും എറണാകുളത്തും കൊല്ലത്തും പ്രവർത്തകർ പ്രതിഷേധിച്ചു. വിവിധയിടങ്ങളിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.