വിനേഷിന്റെ നില ഗുരുതരം; മുഖ്യപ്രതി ഒളിവിൽതന്നെ

Saturday 11 October 2025 1:49 AM IST

പാലക്കാട്:വാണിയംകുളത്ത് ഫേസ്ബുക്കിൽ കമന്റിട്ടതിന് ഡി.വൈ.എഫ്‌.ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ച പനയൂർ സ്വദേശി വിനേഷിന്റെ നില ഗുരുതരമായി തുടരുന്നു.വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് വിനേഷ്.അറസ്റ്റിലായ സി.പി.എം വാണിയംകുളം ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമായ എം.എച്ച്.ഹാരിസ്,ഡി.വൈ.എഫ്.ഐ കൂനത്തറ മേഖലാ ഭാരവാഹികളായ കെ.സുർജിത്ത്,കിരൺ എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയും ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് സെക്രട്ടറിയുമായ സി.രാകേഷിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തിന് പിന്നിൽ വ്യക്തിവിരോധമാണെന്നാണ് പ്രാഥമിക നിഗമനം.ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി.

 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർ

വെന്റിലേറ്ററിൽ കഴിയുന്ന വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാൻ സാദ്ധ്യതയെന്ന് ആശുപത്രി അധികൃതർ. വിനേഷിന്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർ പറഞ്ഞു.അടുത്ത 48 മണിക്കൂർ നിർണായകമാണ്.വിനേഷിനെ കൂർത്ത ആയുധം കൊണ്ട് അടിച്ച സൂചനയില്ല.എന്നാൽ നിലത്ത് വീണുണ്ടായ പരിക്കുമല്ല.ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്.ആന്തരിക ക്ഷതമാണ് പ്രധാനമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.