പാലിയേറ്റീവ് കെയർ മേഖലയിൽ സാന്ത്വനമിത്രയുമായി കുടുംബശ്രീ

Saturday 11 October 2025 1:51 AM IST

തിരുവനന്തപുരം : പാലിയേറ്റീവ് കെയർ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാന്ത്വനമിത്ര പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജ്ഞാന കേരളവും കുടുംബശ്രീയും ചേർന്ന് നടത്തുന്ന തൊഴിൽ ക്യാമ്പെയിന്റെ ഭാഗമായാണിത്.

തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഗൃഹകേന്ദ്രീകൃത സാന്ത്വന പരിചരണം ലഭ്യമാക്കുന്നതിന് കുടുംബശ്രീ സേവകരെ സംസ്ഥാനത്തുടനീളം രൂപീകരിക്കും. 50,000 പേർക്ക് പരിശീലനം നൽകി രംഗത്തിറക്കും. പതിനായിരം പേർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കിടപ്പുരോഗികളുള്ള കുടുംബങ്ങളിൽ പരിചരണ സേവനം ആവശ്യമുള്ളവരെ കണ്ടെത്തും. ഇതിനായി കുടുംബശ്രീ എ.ഡി.എസുകൾ മുഖേന ഗൃഹസന്ദർശനം നടത്തും. കിടപ്പുരോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നീ വിവരങ്ങൾ ശേഖരിച്ച് അന്തിമ ലിസ്റ്റ് സി.ഡി.എസിന് കൈമാറും. സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന വിജ്ഞാന കേരളം തൊഴിൽ കേന്ദ്രത്തിൽ ഈ കുടുംബങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും.

അംഗീകൃത കോഴ്സ് ഉടൻ

അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും പാലിയേറ്റീവ് കെയർ മേഖലയിൽ ജോലി ചെയ്യാൻ താത്പ്പര്യമുള്ളവരെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നൽകും. പരിശീലനം പൂർത്തിയാക്കിയവരുടെ പട്ടിക തൊഴിൽ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യും. പരിശീലനം പൂർത്തീകരിച്ച് പരിചരണ സേവകരായി പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങളെ ഒരു വർഷത്തിനുള്ളിൽ സർട്ടിഫൈഡ് കെയർ ടേക്കർമാരാക്കുന്നതിന് പരിശീലനം ലഭ്യമാക്കും. ഇതിനായി ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് പ്രത്യേക കോഴ്സ് ആരംഭിക്കുന്നതും പരിഗണനയിലാണ്.