ആർബിട്രേഷൻ വ്യവസ്ഥ: വയനാട് ആകാം വിഴി‌ഞ്ഞത്ത് പറ്രില്ല, തുരങ്ക റെയിൽപ്പാത ടെൻഡർ വൈകുന്നു

Saturday 11 October 2025 1:52 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.5 കി.മീറ്റർ തുരങ്ക റെയിൽപ്പാതയ്ക്കായി കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ടെൻഡർ രേഖയിലെ ആർബിട്രേഷൻ വ്യവസ്ഥയോട് എതിർപ്പ് പ്രകടിപ്പിച്ച് സർക്കാർ. നിർമ്മാണത്തിൽ കാലതാമസം വരുത്തുകയോ ചെലവ് ഏറുകയോ പദ്ധതി ഉപേക്ഷിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയാണിത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവാൻ ഇടയുള്ളതിനാൽ നിർമ്മാണകരാറിൽ ആർബിട്രേഷൻ വ്യവസ്ഥ പറ്റില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

സർക്കാർ അംഗീകാരം നൽകാത്തതിനാൽ ടെൻഡർ നീളുകയാണ്. കൊങ്കൺ റെയിൽവേയ്ക്കാണ് നിർമ്മാണച്ചുമതല. അതേസമയം, കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന 2134.5 കോടിയുടെ 8.735 കിലോമീറ്റർ തുരങ്കപ്പാതാ പദ്ധതിയിൽ ആർബിട്രേഷൻ വ്യവസ്ഥ സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര ടെൻഡറുകളിലെല്ലാം ഈ വ്യവസ്ഥയുള്ളതിനാൽ ആർബിട്രേഷനില്ലാതെ കരാർ പറ്റില്ലെന്നാണ് കൊങ്കൺ റെയിൽവേയുടെ നിലപാട്. ഇതില്ലെങ്കിൽ ടെൻഡർത്തുക വൻതോതിൽ കൂടാനിടയുണ്ട്.

നിർമ്മാണത്തിൽ കരാറുകാരന് അധികബാദ്ധ്യതയുണ്ടായാൽ അത് തുറമുഖകമ്പനിയും സർക്കാരും വഹിക്കേണ്ടി വരുമെന്നതാണ് എതിർപ്പിന് കാരണം. റെയിൽ കണക്ടിവിറ്റിക്ക് പണം ചെലവിടേണ്ടത് സംസ്ഥാനമാണ്. തുറമുഖ നിർമ്മാണം കരാർപ്രകാരമുള്ള സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതിനെത്തുടർന്ന് അദാനിയും സർക്കാരും ആർബിട്രേഷൻ നടപടികളിലേക്ക് നീങ്ങിയിരുന്നു.

അദാനി 3854കോടിയും തുറമുഖകമ്പനി 911കോടിയും നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ആർബിട്രേഷൻ തുടരുന്നത് പദ്ധതിയുടെ പൂർത്തീകരണം വൈകിപ്പിക്കുമെന്നായതോടെ ഇരുപക്ഷവും ആർബിട്രേഷൻ പിൻവലിക്കുകയായിരുന്നു.

വൈകുന്തോറും

ചെലവ് ഉയരും

1. തുരങ്കപ്പാതയ്ക്ക് ആദ്യം കണക്കാക്കിയത് 1482.92 കോടി. ഇപ്പോഴിത് 1600കോടിയിലേറെയായി. നാലുവർഷംകൊണ്ട് പൂർത്തിയായാൽ പോലും ചെലവ് രണ്ടായിരംകോടിയാവും. റെയിൽപ്പാളമിടാൻ ആയിരം കോടിയും വേണ്ടിവരും

2. സർക്കാർ അനുമതി നൽകിയാൽ അഞ്ചു ദിവസത്തിനകം ടെൻഡർ വിളിക്കാനാവും. ഒറ്റഘട്ടമായി നിർമ്മാണത്തിനുള്ള ഇ.പി.സി (എൻജിനിയറിംഗ്, പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ) കരാറായിരിക്കും

3. ഈ മാസം കരാറൊപ്പിട്ടാൽ ജനുവരിയിൽ നിർമ്മാണം തുടങ്ങാനാകും. 45 മാസംകൊണ്ട് പൂർത്തിയാകും. രാജ്യത്തെ മൂന്നാമത്തെ വലിയ റെയിൽവേ ടണലാകും വിഴിഞ്ഞത്തേത്. റെയിൽപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും ഒഴികെ പൂർണമായും ഭൂഗർഭപാത

10.7കി.മീറ്റർ

റെയിൽപ്പാതയുടെ

ആകെ ദൈർഘ്യം

190 കോടി

ഭൂമിയേറ്റെടുപ്പിന് ചെലവ്