ജനങ്ങൾക്ക് പൂർണ അവകാശം പുന:സ്ഥാപിക്കണം: സതീശൻ

Saturday 11 October 2025 1:55 AM IST

കൊച്ചി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പത്തെ ജനങ്ങൾക്ക് ഭൂമിയിലുള്ള പൂർണ അവകാശം പുന:സ്ഥാപിച്ചു നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നികുതി സ്വീകരിക്കാനും അടിയന്തര നടപടി വേണം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. മുനമ്പത്തെ ഭൂമിയിൽ താമസക്കാർക്ക് അവകാശമുമുണ്ടെന്നും സംരക്ഷണം നൽകണമെന്നുമാണ് പ്രതിപക്ഷവും മുസ്ലീം, ക്രൈസ്തവ സംഘടനകളും ആവശ്യപ്പെട്ടത്. മുനമ്പത്ത് പ്രശ്‌നമുണ്ടാക്കിയത് സംസ്ഥാന സർക്കാരും നിയോഗിച്ച വഖഫ് ബോർഡുമാണ്. ഭൂമി വഖഫ് അല്ലെന്ന് അത് നൽകിയ സേഠിന്റെ കുടുംബവും ഫാറൂഖ് കോളജ് മാനേജ്‌മെന്റും വഖഫ് ട്രൈബ്യൂണലിൽ നിലപാടെടുത്തിട്ടും സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ഹൈക്കോടതിയിൽ കേസ് കൊടുപ്പിച്ച് പ്രവർത്തനങ്ങൾ സ്റ്റേ ചെയ്തു.

വഖഫ് നിയമം പാസാക്കിയാൽ മുനമ്പത്തെ ഭൂപ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. പുതിയ നിയമം മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് പര്യാപ്തമല്ലെന്ന് നിയമം പാസാക്കുന്നതിന് മുൻപ് തന്നെ യു.ഡി.എഫ് പറഞ്ഞതാണ്.രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ അജണ്ടയ്‌ക്ക് കുടപിടിച്ചു കൊടുക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും പറഞ്ഞു.