എല്ലാം സാധിച്ചുകൊടുക്കലല്ല: ഇടയ്‌ക്ക് 'നോ' പറയലും പ്രധാനം
കുട്ടിയെ വിഷമിപ്പിക്കരുതെന്ന് കരുതി എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത് വളർത്തുന്നത് വലിയ അപകടമാണ്. എല്ലാ ആഗ്രഹങ്ങളും ജീവിതത്തിൽ നിറവേറ്റപ്പെടാൻ പോകുന്നില്ല, ചില സന്ദർഭങ്ങളിൽ ആഗ്രഹങ്ങൾ നീട്ടിവയ്‌ക്കേണ്ടി വരും. അല്ലെങ്കിൽ ഉപേക്ഷിക്കേണ്ടി വരും.നീട്ടി വയ്ക്കേണ്ടിവരുമ്പോഴുണ്ടാകുന്ന മാനസിക വിക്ഷോഭങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈഭവം ഇല്ലാതാക്കുകയാണ് എല്ലാം സാധിച്ച് കൊടുക്കുന്നതിലൂടെ മാതാപിതാക്കൾ ചെയ്യുന്നത്.
ചെറുപ്രായത്തിൽ പല ആഗ്രഹങ്ങളും നിറവേറ്റാവുന്നതായിരിക്കും. അത് കുട്ടിക്ക് ആവശ്യമുണ്ടോയെന്ന വിശകലനബുദ്ധി സ്നേഹപൂർവം പറഞ്ഞു മനസിലാക്കി, വേണ്ടാത്തത് വേണ്ടെന്ന് പറയിപ്പിക്കുന്ന രീതിയിലുള്ള ശിക്ഷണമാണ് വേണ്ടത്. ആവശ്യമില്ലെങ്കിലും ഷൂ, കുപ്പായം, കളിപ്പാട്ടം തുടങ്ങിയവ വാങ്ങിക്കൊടുക്കാമെന്ന് പറയുമ്പോൾ കുട്ടിയുടെ മനസിൽ ആഗ്രഹങ്ങൾ വർദ്ധിക്കും. എപ്പോൾ പറഞ്ഞാലും ആഗ്രഹങ്ങൾ നിറവേറ്റപ്പെടുമെന്ന ചിന്തയുണ്ടാകും കുട്ടിയിൽ.മാതാപിതാക്കൾക്ക് ധനപരമായി താങ്ങുന്നതാണോ, അവരെ കഷ്ടപ്പെടുത്തുന്നതാണോ എന്നൊന്നും നോക്കാതെ ആഗ്രഹങ്ങൾ വർദ്ധിക്കും. കുട്ടികൾ വളരുന്നതിനനുസരിച്ച് ധനപരമായ ഭാരം കൂടിക്കൂടി വരാം. 18 വയസൊക്കെയാകുമ്പോൾ ആഗ്രഹിക്കുക ഏറ്റവും മുന്തിയ ഇരുചക്ര വാഹനമായിരിക്കും. അല്ലെങ്കിൽ ഏറ്റവും മുന്തിയ ഫോണായിരിക്കാം. ആഡംബര കാറായിരിക്കാം. അങ്ങനെ അവരുടെ ആഗ്രഹങ്ങൾ വലുതായി വരും.ചില സന്ദർഭങ്ങളിൽ നിറവേറ്റാൻ സാധിക്കുന്ന അവസ്ഥയല്ല, നിനക്കിപ്പോൾ അതിന്റെ ആവശ്യമില്ലെന്നു പറയുന്നതും സ്നേഹപ്രകടനമാണ്.
താങ്ങാൻ കഴിയുന്നതാണെങ്കിൽ പോലും, ചിലപ്പോൾ കുട്ടിക്ക് അതാവശ്യമായിരിക്കില്ല. കുട്ടികളെ വളത്തുമ്പോൾ, ഭൗതികാവശ്യം പറയുമ്പോൾ അത് ആവശ്യമാണോ, മാതാപിതാക്കൾക്ക് അത്രയും ചെലവ് ചെയ്യാൻ പറ്റുന്നതാണോ, നീട്ടിവച്ചാൽ കുഴപ്പമില്ലല്ലോ എന്ന സാമാന്യബോധമാണ് ഭാവിയിൽ ധനപരമായ അച്ചടക്കത്തിനും വളമിടുന്നത്.
ലാളനയോ വാത്സല്യമോ ആഗ്രഹങ്ങളെല്ലാം നിറവേറ്റിക്കൊടുക്കുന്നതാണ് ശരിയായ വളർത്തലെന്ന് വിചാരിക്കുന്ന വീട്ടിൽ വളരുന്ന കുട്ടിയെ സംബന്ധിച്ച് ക്രമേണ സമൂഹത്തിലെ പ്രശ്നങ്ങളെ പക്വമായി നേരിടാൻ പറ്റാത്ത സ്ഥിതിവരും. അത്തരം സാഹചര്യങ്ങളിലാണ് പലപ്പോഴും പ്രണയഭംഗം പോലെ സംഭവിക്കുമ്പോൾ കാമുകിയെ അടിക്കാനോ ആക്രമിക്കാനോ ശ്രമിക്കുന്നത്. അവൻ ജീവിതത്തിലൊരിക്കലും വീട്ടിൽ നിന്ന് പറ്റില്ലെന്ന് കേട്ടിട്ടുണ്ടാകില്ല. പുറത്തുനിന്ന് കേൾക്കുമ്പോൾ താങ്ങാൻ കഴിയാതാകും.
ഇടയ്‌ക്കൊക്കെ പറ്റില്ല എന്നു പറയുന്നതും ആഗ്രഹങ്ങളെ കുറച്ചൊക്കെ നീട്ടിവയ്‌ക്കാൻ ശീലിപ്പിക്കുന്നതും മോഹങ്ങൾക്ക് ഭംഗം വരുമ്പോൾ അതിനെ നേരിടാനുള്ള പ്രാപ്തിയുണ്ടാക്കുന്നതുമൊക്കെ സ്നേഹപ്രകടനമാണ്.. ജീവിതത്തിൽ തിരിച്ചടിയുണ്ടാകുമ്പോൾ, മോഹഭംഗങ്ങളുണ്ടാകുമ്പോൾ നേരിടാനുള്ള പാഠങ്ങൾ പറഞ്ഞ് മനസിലാക്കണം. അല്ലെങ്കിൽ കിട്ടാതെ വരുമ്പോൾ അവർ അക്രമാസക്തരാകാം. അപ്പോൾ തിരിച്ചു നേരിടുന്നതു കൊണ്ട് ഫലമില്ല.