ഡോക്ടറെ വെട്ടിയ സംഭവം പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് നൽകിയേക്കും
കോഴിക്കോട്: താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ഡോ. വിപിനെ ആക്രമിച്ച കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് താമരശ്ശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയേക്കും. നിലവിൽ തെളിവെടുപ്പ് പൂർത്തിയായി. പ്രതിയെ വിശദമായി ചോദ്യം ചെയ്താലെ ആക്രമണത്തിൽ വ്യക്തത വരികയുള്ളുവെന്ന് താമരശ്ശേരി എസ്.ഐ. സായൂജ് കുമാർ വ്യക്തമാക്കി.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ താമരശ്ശേരി പൊലീസിൽ പരാതി നൽകി.
വെട്ടുന്നതിന് തലേ ദിവസം സനൂപ് തന്നെ അന്വേഷിച്ച് ആശുപത്രിയിലെത്തിയിരുന്നുവെന്ന് ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പിന് ഡി.എം.ഒ റിപ്പോർട്ട് നൽകി. പരിക്കേറ്റ് ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ള ഡോ. വിപിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ഇതിനിടെ ആശുപത്രി പരിസരം സേഫ് സോണായി പ്രഖ്യാപിക്കുക, സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഒ.പി,കാഷ്വാലിറ്റി അടക്കം ഒരു സേവനവും ഉണ്ടാകില്ലെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു.
ഡോക്ടർമാരുടെ സുരക്ഷ:നടപടികൾ അറിയിക്കണം
കൊച്ചി:ആശുപത്രികളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തിൽ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കാമെന്ന് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന് രണ്ടാഴ്ച അനുവദിച്ചു.താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടതും കോടതി പരാമർശിച്ചു. നടപടികളെ തുടർന്ന് അതിക്രമങ്ങൾ കുറഞ്ഞെങ്കിലും ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും പറഞ്ഞു.